110 കടന്ന് കുതിച്ച് ഇന്ധന വില; സംസ്ഥാനത്ത് വീണ്ടും വിലക്കയറ്റം; രാജസ്ഥാനിൽ പെട്രോൾ വില 120 കടന്നു

oil price

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധനവില വർധനവ് പതിവുപോലെ ഇന്നും തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് വർധിച്ചത് 8 രൂപ 49 പൈസയും പെട്രോളിന് കൂടിയത് 6 രൂപ 75 പൈസയുമാണ്.

അതേസമയം, താരതമ്യേനെ പെട്രോളിന് വിലക്കുറവ് കേരളത്തിലാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ 120 രൂപയും കഴിഞ്ഞ് ഇന്ധന വില കുതിക്കുകയാണ്. രാജസ്ഥാനിലെ ഗംഗാനഗറിൽ പെട്രോളിന് 120 രൂപയും 49 പൈസയുമാണ്. ഡീസലിന് 111 രൂപയും 40 പൈസയുമായും ഉയർന്നു.

കേരളത്തിലെ വിലനിലവാരം അനുസരിച്ച് തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 59 പൈസയും ഡീസലിന് 104 രൂപ 30 പൈസയുമായി. കൊച്ചിയിൽ 108 രൂപ 55 പൈസ പെട്രോളിനും 102. രൂപ 40 പൈസ ഡീസലിനുമായി.

ടിക്കറ്റ് ചാർജ് വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സമരത്തിന് ഒരുങ്ങുകയാണ്. നവംബർ ഒമ്പതുമുതൽ അനിശ്ചിതകാല സമരം നടത്തുമെന്നാണ് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

2018-ൽ ഡീസലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാർജ് എട്ടുരൂപയാക്കിയത്. ഇപ്പോൾ 41 രൂപവരെ കൂടി. യാത്രക്കാരുടെ എണ്ണവും വൻതോതിൽ കുറഞ്ഞു. മിനിമം ചാർജ് എട്ടിൽനിന്ന് 12 രൂപയാക്കുന്നതിനൊപ്പം കിലോമീറ്റർ നിരക്ക് ഒരുരൂപയായി വർധിപ്പിക്കുക, വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയിൽനിന്ന് അഞ്ച് രൂപയാക്കുക, സ്വകാര്യബസുകളുടെ വാഹനനികുതി പൂർണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Exit mobile version