മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിക്ക് താഴെ മതിയെന്ന് മേൽനോട്ട സമിതി; ജലനിരപ്പ് 137.6 അടിയിലെത്തി

കുമളി: സമീപകാല കാലാവസ്ഥാ വ്യതിയാനങ്ങളും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിക്ക് താഴെ മതിയെന്ന് മേൽനോട്ട സമിതി. ഡാമിന്റെ കാലപ്പഴക്കം കൂടി പരിഗണിച്ചാണ് മേൽനോട്ട സമിതിയുടെ തീരുമാനം. അതേസമയം, രാവിലെ ഏഴിന് രേഖപ്പെടുത്തിയത് കണക്ക് പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയാണ്.

ഇടുക്കി ജലസംഭരണിയുടെ 90 ശതമാനവും നിറഞ്ഞെന്നും മുല്ലപ്പെരിയാർ തുറന്നാൽ വെള്ളം ഉൾക്കൊള്ളാനാവില്ലെന്നും മേൽനോട്ട സമിതി വിലയിരുത്തി. കൂടുതൽ തീരുമാനങ്ങൾ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.

സെക്കൻഡിൽ 2300 ഘനയടി ജലമാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നിന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് സെക്കൻഡിൽ 2300 ഘനയടി ജലം വൈഗ ഡാമിലേക്ക് കൊണ്ടു പോകുന്നുണ്ട്.

മുല്ലപ്പരിയാർ അണക്കെട്ടിലെ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കാൻ സുപ്രീംകോടതി മേൽനോട്ട സമിതിയോട് നിർദേശിച്ചിരുന്നു. ഇതുപ്രകാരം ചൊവ്വാഴ്ച മേൽനോട്ട സമിതി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.

Exit mobile version