മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137.6 അടി ആയി; 138 ആയാൽ തുറന്നുവിടും; കൂടുതൽ ജലം തമിഴ്‌നാട് കൊണ്ടുപോകും

മാങ്കുളം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടി ആയാൽ തുറന്നുവിടാൻ ധാരണ. നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് നിയന്ത്രിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി യോഗത്തിലാണ് ധാരണയിലെത്തിയത്.

കോടതിയിൽ കേന്ദ്ര ജലകമ്മിഷൻ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടുപ്രകാരമാണ് റൂൾ കർവ് 138 അടിയാക്കി നിലനിർത്തിയിരിക്കുന്നത്. ഈ അളവിൽ ജലനിരപ്പ് എത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും. നിലവിൽ 137.6 അടിയാണ് ജലനിരപ്പ്. ചൊവ്വാഴ്ച രാവിലെയുള്ള കണക്കുപ്രകാരം സെക്കൻഡിൽ 3244 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിവരുന്നുണ്ട്. ഇതിൽ 2077 ഘനയടി തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

സുപ്രീംകോടതി നിർദേശമനുസരിച്ചാണ് ചൊവ്വാഴ്ച അടിയന്തര മേൽനോട്ടസമിതി ഓൺലൈനായി യോഗം ചേർന്നത്. ജലകമ്മീഷൻ ചീഫ് എൻജിനീയർ, കേരളം, തമിഴ്‌നാട് എന്നിവരുടെ ഓരോ പ്രതിനിധികൾ എന്നിവരാണ് സമിതിയിൽ. പലചർച്ച നടന്നെങ്കിലും ഒടുവിൽ തമിഴ്‌നാട് പ്രതിനിധിയും ജലകമ്മിഷൻ ചീഫ് എൻജിനീയറുമാണ് നിലവിൽ തയ്യാറാക്കിയ റൂൾ കർവ് പ്രകാരം ജലനിരപ്പ് നിയന്ത്രിക്കും എന്ന് അറിയിച്ചത്.

ഇതുസംബന്ധിച്ച തീരുമാനം ബുധനാഴ്ച കോടതിയിൽ അറിയിക്കും. ഇതോടെ മുല്ലപ്പെരിയാർ അണക്കെട്ടിനും റൂൾ കർവ് നിലവിൽവരും. വെള്ളം തുറന്നുവിടുകയാണെങ്കിൽ 24 മണിക്കൂർ മുമ്പ് അറിയിക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version