മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെ മുരളീധരന് എതിരെ കേസെടുത്തു; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ

തിരുവനന്തപുരം: നഗരസഭാ മേയർ ആര്യ രാജേന്ദ്രനെതിരെ പൊതുവേദിയിൽ വ്യക്തിഅധിക്ഷേപം നടത്തിയ സംഭവത്തിൽ കെ മുരളീധരൻ എംപിക്കെതിരേ പോലീസ് കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മേയർ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനുപിന്നാലെയാണ് കേസെടുത്തത്.

മേയറുടെ പരാതിയിൽ പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തണമോ എന്നകാര്യം പോലീസ് തീരുമാനിക്കും.

കഴിഞ്ഞദിവസം ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോർപ്പറേഷൻ ധർണയിൽ വെച്ചാണ് കെ മുരളീധരൻ വിവാദ പരാമർശം നടത്തിയത്. കാണാൻ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായിൽനിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണ്- എന്നായിരുന്നു മുരളീധരൻ പറഞ്ഞത്.

‘ദയവായി അരക്കള്ളൻ മുക്കാൽക്കള്ളനിലെ കനകസിംഹാസനത്തിൽ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്. കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷെ വായിൽനിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇത്.’-മുരളീധരന്റെ വാക്കുകൾ ഇങ്ങനെ.

Exit mobile version