ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു

ഗുരുവായൂർ: ഗുരുവായൂർക്ഷേത്രം പ്രധാനതന്ത്രി പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് (70) അന്തരിച്ചു. സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 2013 ഡിസംബർ 26-ന് ചേന്നാസ് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തെത്തുടർന്നാണ് ചേന്നാസ് മനയിലെ മുതിർന്ന അംഗമായ നാരായണൻ നമ്പൂതിരിപ്പാട് പ്രധാന തന്ത്രിയായി സ്ഥാനമേറ്റത്.

2014 ഫെബ്രുവരി 20-ന് ശ്രീലകത്തുകയറി ആദ്യപൂജ നിർവഹിച്ചു. 2021 സെപ്റ്റംബർ 30-ന് രാത്രി നടന്ന മേൽശാന്തിമാറ്റച്ചടങ്ങിനാണ് അവസാനമായി അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. മേൽശാന്തി തെരഞ്ഞെടുപ്പിന് സെപ്റ്റംബർ 16-ന് അപേക്ഷകരുമായി കൂടിക്കാഴ്ച നടത്താനും എത്തിയിരുന്നു.

ദീർഘകാലം ഗുരുവായൂർക്ഷേത്രത്തിൽ പ്രധാന തന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജനത്തിന്റെയും മൂത്തമകനാണ് നാരായണൻ നമ്പൂതിരിപ്പാട്. പ്രധാന തന്ത്രിയാകുന്നതിനുമുൻപ് കുറച്ചുകാലം നെടുങ്ങാടി ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു.

ചെങ്ങന്നൂർ മിത്രമഠത്തിലെ സുചിത്രാ അന്തർജനമാണ് ഭാര്യ. ഗുരുവായൂർ ക്ഷേത്രത്തിലെ താന്ത്രികച്ചടങ്ങുകൾ നിർവഹിയ്ക്കുന്ന ശ്രീകാന്ത് നമ്പൂതിരിപ്പാട് ഏകമകനാണ്. മരുമകൾ: പിറവം മ്യാൽപ്പള്ളി ഇല്ലത്ത് അഖിലാ അന്തർജനം.

സഹോദരങ്ങൾ: ഉമാദേവി അന്തർജനം (പട്ടത്ത്മന, തിരുവുള്ളക്കാവ്), രാധാ അന്തർജനം (ഏലംകുളം മന), രജനി അന്തർജനം (പകരാവൂർ മന), കൃഷ്ണൻ നമ്പൂതിരിപ്പാട് (ചാർട്ടേഡ് അക്കൗണ്ടന്റ്), ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രിക ചടങ്ങുകൾ നിർവഹിക്കുന്ന ഹരി നമ്പൂതിരിപ്പാട്, ഡോ. അരവിന്ദാക്ഷൻ നമ്പൂതിരിപ്പാട്.

Exit mobile version