കൊണ്ടോട്ടിയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിക്കാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിക്ക് അടുത്ത് കൊട്ടൂക്കരയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിനിക്കുനേരെ ആക്രമണം. വീട്ടിൽനിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടിയെ കീഴ്‌പ്പെടുത്താൻ അക്രമി ശ്രമിച്ചത്.

പകൽ 12.45-ഓടെയാണ് സംഭവം. 21-കാരിയെ അക്രമി വയലിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. കുതറി രക്ഷപ്പെട്ട വിദ്യാർത്ഥിനി തൊട്ടടുത്ത വീട്ടിൽ അഭയം തേടി. ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാൾ നടന്നുവരികയായിരുന്ന വിദ്യാർത്ഥിനിയെ കീഴ്‌പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കാണ് പിടിച്ചുവലിച്ചു കൊണ്ടുപോയത്.

കുതറിമാറി രക്ഷപ്പെട്ട പെൺകുട്ടിയെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. ധൈര്യം സംഭരിച്ച് ഓടിയ പെൺകുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിസരങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്തുനിന്നു ലഭിച്ചു. മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

സ്ഥലത്തെത്തിയ പോലീസ് നായ കൊട്ടൂക്കര ബസ് സ്റ്റോപ്പുവരെ മണംപിടിച്ചു പോയി. പ്രതി ബസിൽക്കയറി രക്ഷപ്പെട്ടതായാണ് നിഗമനം. കൊണ്ടോട്ടി ഇൻസ്പെക്ടർ എംസി പ്രമോദിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.

Exit mobile version