ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ഒരാളുടെ നില ഗുരുതരം

കണ്ണൂർ: കണ്ണൂർ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അർധരാത്രി അപകടത്തിൽപ്പെട്ടു. കൂത്തുപറമ്പ് നീർവേലിക്കടുത്താണ് വാഹനാപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻതന്നെ കൂത്തുപറമ്പിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ അശ്വന്ത് എന്നയാളുടെ നില ഗുരുതരമാണ്. അശ്വന്ത് കണ്ണൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ശനിയാഴ്ച അർധരാത്രി ഒന്നരയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ആകാശും സംഘവും. ഇവർ സഞ്ചരിച്ച കാർ നീർവേലിക്കടുത്ത് റോഡരികിൽ കൂട്ടിയിട്ട സിമന്റ് കട്ടകളിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.

പരിക്കേറ്റ ആകാശ് ഉൾപ്പെടെയുള്ളവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിലെത്തിച്ചു. അപകടത്തിൽപ്പെട്ട കാറിന് പുറമേ മറ്റ് രണ്ട് കാറുകളും ഇവരുടെ സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയെ അടുത്തിടെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു.

Exit mobile version