ഉക്രൈനിലിരുന്ന് ജീവൻ കുമാർ രജിസ്ട്രാർ ഓഫീസിൽ ഓൺലൈനിൽ; വധുവും ബന്ധുക്കളും ഓഫ്‌ലൈനിലും; കേരളത്തിലെ ആദ്യ ഓൺലൈൻ വിവാഹം പുനലൂരിൽ

പുനലൂർ: യുക്രൈനിലിരുന്ന് ജീവൻകുമാർ ഓൺലൈനിലൂടെ പ്രത്യക്ഷപ്പെട്ട് പുനലൂരിലെ സബ്രജിസ്ട്രാർ ഓഫീസിൽ ഹാജരായ ധന്യയെ നിയമപരമായി വധുവാക്കി. ഇന്നലെ പുനലൂരിൽ നടന്ന ധന്യയുടെയും ജീവൻകുമാറിന്റെയും ഈ വിവാഹം സംസ്ഥാനത്ത് ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ആദ്യവിവാഹമായിരുന്നു.

സബ്രജിസ്ട്രാർ ടിഎം ഫിറോസിന്റെ മേൽനോട്ടത്തിലുമായിരുന്നു ചടങ്ങ്. വിവാഹത്തിന് പിന്നാലെ മിനിറ്റുകൾക്കുള്ളിൽത്തന്നെ വിവാഹ സർട്ടിഫിക്കറ്റ് വധുവിന് കൈമാറി. കോവിഡ് വ്യാപനത്തെത്തുടർന്ന് ജോലിസ്ഥലമായ ഉക്രൈനിൽനിന്ന് നാട്ടിലെത്താൻ കഴിയാതിരുന്ന പുനലൂർ ഇളമ്പൽ സ്വദേശി ജീവൻകുമാറും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യാമാർട്ടിനും തമ്മിലായിരുന്നു വിവാഹം.

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മാർച്ചിൽ ഇവർ അപേക്ഷ നൽകിയിരുന്നു. എന്നാൽ നിശ്ചിത കാലാവധിക്കുള്ളിൽ ജീവൻകുമാറിന് നാട്ടിലെത്താൻ കഴിഞ്ഞില്ല. അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും സബ്രജിസ്ട്രാർ ഓഫീസിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കി വീഡിയോ കോൺഫറൻസിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഓൺലൈൻ വിവാഹത്തിന് വഴി ഒരുങ്ങിയത്.

ഹൈക്കോടതി സർക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്റെയും അഭിപ്രായം തേടിയതിന് ശേഷമാണ് കക്ഷികൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

ഇതോടെയാണ് സംസ്ഥാനത്തെ ഓൺലൈനിലൂടെയുള്ള ആദ്യവിവാഹത്തിന് പുനലൂർ സബ്രജിസ്ട്രാർ ഓഫീസ് വേദിയായത്. ജീവൻകുമാറിനുപകരം രജിസ്റ്ററിൽ ഒപ്പുവെച്ചത് അച്ഛൻ ദേവരാജനാണ്. വിവാഹ ഓഫീസറായ ഫിറോസ്, ഗൂഗിൾ മീറ്റിലൂടെ യുക്രൈനിലുള്ള വരനെ കണ്ടു. ജില്ലാരജിസ്ട്രാർ സിജെ ജോൺസൺ ഗൂഗിൾ മീറ്റിലൂടെ തന്നെ വിവാഹം നിരീക്ഷിച്ചു.

Exit mobile version