മദ്യശാലകൾക്ക് മുന്നിലെ നീണ്ട ക്യൂ നിർത്തണം; മറ്റ് കടകളിലേത് പോലെ കയറിയിറങ്ങി വാങ്ങാൻ സൗകര്യമൊരുക്കണം: വിമർശിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിലെ നീണ്ട ക്യൂവിനെ ചൊല്ലി വീണ്ടും സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ബെവ്കോ ഔട്ലെറ്റുകൾക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കണമെന്ന് കോടതി നിർദേശിച്ചു. മറ്റു കടകളിലേതുപോലെ കയറിയിറങ്ങി മദ്യം വാങ്ങാനുള്ള സൗകര്യം ബെവ്കോ ഔട്ട്ലെറ്റുകളിലും ഒരുക്കി കൂടേയെന്ന് ഹൈക്കോടതി ആരാഞ്ഞു.

ഇക്കാര്യത്തിൽ നയപരമായി മാറ്റം ആവശ്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. നേരത്തേയും ബെവ്കോയുടെ വിൽപനശാലകൾക്ക് മുന്നിലെ അസൗകര്യങ്ങളിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു.

മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെ പോലെ കാണാൻ കഴിയില്ലെന്നായിരുന്നു കോടതി മുമ്പ് പറഞ്ഞിരുന്നത്. ഇതേകേസ് പരിഗണിക്കുമ്പോഴാണ് മദ്യം വാങ്ങാനുള്ള ക്യൂ ഒഴിവാക്കണമെന്ന് കോടതി ആവശ്യപ്പെട്ടരിക്കുന്നത്. അതേസമയം അപര്യാപ്തമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന പത്ത് ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Exit mobile version