പമ്പ, ഇടമലയാർ അണക്കെട്ടുകൾ തുറന്നു; ഉച്ചയോടെ വെള്ളം ആലുവയിലെത്തും; പമ്പയിൽ ജലനിരപ്പുയരും, ജാഗ്രത

പത്തനംതിട്ട: ജലനിരപ്പ് ഉയർന്നതോടെ പമ്പ, ഇടമലയാർ അണക്കെട്ടുകൾ തുറന്നു. പമ്പാ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. സെക്കന്റിൽ അരലക്ഷം ലിറ്റർ വെള്ളമാണ് അണക്കെട്ടിൽ നിന്ന് ഒഴുക്കുന്നത്. ഇതോടെ പമ്പാ നദിയിലേക്ക് അധികജലം ഒഴുകിയെത്തിത്തുടങ്ങി. പമ്പാനദിയിൽ പത്ത് സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.

ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളാണ് 80 സെന്റിമീറ്റർ വീതം ഉയർത്തിയിരിക്കുന്നത്. ആറുമണിക്ക് തുറന്നുവിട്ട ഇടമലയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളം എട്ടുമണിയോടെ ഭൂതത്താൻകെട്ടിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ വെള്ളം കാലടി-ആലുവ ഭാഗത്തെത്തും. പെരിയാറിന്റെ തീരത്ത് അതീവജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരുമെന്നാണ് വിലയിരുത്തൽ.

ഇന്ന് രാവിലെ 11 മണിയോടെ ടുക്കി അണക്കെട്ടും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം തുറക്കും. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. ഇടുക്കിയും ഇടമലയാറും ഒരുമിച്ചുതുറക്കേണ്ട സാഹചര്യം മുൻനിർത്തി ഭൂതത്താൻകെട്ട് ഡാമിൽ ജലനിരപ്പ് 27.5 മീറ്ററിൽ ക്രമീകരിച്ചിരിക്കുകയാണ്.

അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് എല്ലാ മുൻകരുതലുകളും സ്വീകരിച്ച് ഡാമുകൾ തുറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതിജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Exit mobile version