ചാലിശ്ശേരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ രക്തം കട്ടപിടിച്ച നിലയില്‍; പരിശോധനയില്‍ ദമ്പതികള്‍ക്ക് കൊവിഡ്

തൃശ്ശൂര്‍: ചാലിശ്ശേരി പെരുമണ്ണൂരില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ദമ്പതിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വടക്കേപ്പുരയ്ക്കല്‍ നാരായണന്‍ (74), ഭാര്യ ഇന്ദിര (70) എന്നിവര്‍ക്കാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ മൃതദേഹപരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. തനിച്ച് താമസിച്ചിരുന്ന ദമ്പതിമാര്‍ക്ക് കോവിഡ് ബാധിച്ച വിവരം ആരുമറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം.

ഇവരുടെ മൂന്ന് മക്കളില്‍ രണ്ടുപേര്‍ വിദേശത്തും മറ്റൊരാള്‍ വിവാഹശേഷം മറ്റൊരു വീട്ടിലുമാണ്. കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ കോവിഡ് സാധ്യതയില്ലെന്ന രീതിയിലാണ് നാട്ടുകാരും പോലീസും കൈകാര്യംചെയ്തിരുന്നത്. കത്തിക്കരിഞ്ഞ നിലയില്‍ പോസ്റ്റ്മോര്‍ട്ടത്തിനെത്തിച്ച മൃതദേഹങ്ങളില്‍ രക്തം കട്ടപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

കോവിഡ് മൂര്‍ച്ഛിക്കുന്ന അവസ്ഥയിലാണ് രോഗികളില്‍ രക്തം കട്ടപിടിക്കുന്നത്. ഈ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ശനിയാഴ്ചയാണ് നാരായണനെയും ഇന്ദിരയെയും മരിച്ച നിലയില്‍ കണ്ടത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. തീ ഉയരുന്നതുകണ്ട് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പട്ടാമ്പിയില്‍നിന്ന് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. നാരായണന്‍ എഴുതിയതെന്നുകരുതുന്ന ദീര്‍ഘമായ ആത്മഹത്യക്കുറിപ്പ് വീട്ടിലെ ഷെല്‍ഫില്‍നിന്ന് പോലീസ് കണ്ടെടുത്തു.

ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മാനസികമായി അലട്ടിയിരുന്നതായി കത്തില്‍ സൂചനയുണ്ട്. ഭൂസ്വത്തുക്കള്‍, പണം, ബാങ്ക് ബാലന്‍സ്, സ്വര്‍ണം എന്നിവ ആര്‍ക്കെല്ലാമാണുനല്‍കേണ്ടതെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ എവിടെ സംസ്‌കരിക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അടുക്കളഭാഗത്തെ വിറക് സൂക്ഷിക്കുന്ന മുറിയില്‍ ഇരുവരും കയറുപയോഗിച്ച് സ്വയം കെട്ടിവരിഞ്ഞനിലയില്‍ ഒന്നിച്ചാണ് മൃതദേഹം കിടന്നിരുന്നത്.

വാട്ടര്‍ ടാങ്കിലെ മുഴുവന്‍ വെള്ളവും ചോര്‍ത്തിക്കളഞ്ഞ് കാലിയാക്കിയിരുന്നു. തീയണയ്ക്കാനുള്ള മാര്‍ഗങ്ങളെല്ലാം അടച്ച ശേഷമായിരുന്നു ആത്മഹത്യ. നാട്ടുകാര്‍ ഓടിക്കൂടിയാലും പൈപ്പില്‍നിന്നും മറ്റും വെള്ളം ലഭിക്കാതിരിക്കാനായിരിക്കാം ഇത്തരത്തില്‍ ചെയ്തതെന്നാണ് പോലീസ് നിഗമനം.

48 വര്‍ഷങ്ങള്‍ക്കുമുമ്പ് പെരുമണ്ണൂര്‍ ഗ്രാമത്തിലുള്ള കുടുംബത്തില്‍നിന്ന് ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് വിസിറ്ററായി ജോലിയില്‍ പ്രവേശിക്കുകയും 2001-ല്‍ ഹെല്‍ത്ത് സൂപ്രണ്ടായി വിരമിക്കുകയും ചെയ്ത നാരായണന്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. മൂന്ന് പെണ്‍മക്കളെയും വിവാഹം ചെയ്തയച്ചു. രണ്ട് പെണ്‍മക്കളുടെ കുടുംബം ഖത്തറിലായിരുന്നു. മൂത്തമകള്‍ അങ്കണവാടി വര്‍ക്കറായി ജോലിചെയ്യുകയാണ്.

Exit mobile version