രക്തധമനികൾ മുറിഞ്ഞുപോയി,മരണം രക്തം വാര്‍ന്ന്; നിതിനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: പാല സെന്റ് തോമസ് കോളജ് വിദ്യാർത്ഥി നിതിന മോളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തത്. നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. രക്തം വാർന്നതാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഇന്ന് രാവിലെയാണ് നിതിനയുടെ മൃതദേഹം പാലാ മരിയൻ മെഡിക്കൽ സെന്ററിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്. ഇന്നലെയാണ് നിതിന മോളെ സഹപാഠിയായ അഭിഷേകിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഭിഷേക് കഴുത്തറുക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നിതിന മരിച്ചിരുന്നു.

പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊലയെന്നായിരുന്നു അഭിഷേകിന്റെ മൊഴി. നിതിനയെ കൊലപ്പെടുത്താൻ കരുതിക്കൂട്ടിയാണ് അഭിഷേക് എത്തിയതെന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുൻപ് അഭിഷേക് മൂർച്ചയുള്ള ബ്ലേഡ് വാങ്ങി കരുതിയത് നിതിനയെ കൊലപ്പെടുത്താനാണെന്നാണ് പൊലീസ് പറയുന്നത്.

Exit mobile version