ഏഴര ലക്ഷത്തിന്റെ മാരക ലഹരി മരുന്ന് വിതരണം: കോഴിക്കോട് യുവതി പിടിയില്‍

കോഴിക്കോട്: തിരുവണ്ണൂരില്‍ 7.5 ലക്ഷം രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നുമായി യുവതി പിടിയില്‍. ചേവായൂര്‍ സ്വദേശിനി ഷാരോണ്‍ വീട്ടില്‍ അമൃത തോമസ് ( 33) ആണ് പിടിയിലായത്.

എംഡിഎംഎ ഇനത്തില്‍പ്പെട്ട ഏഴു ഗ്രാം എക്‌സറ്റസി മരുന്ന് പിടികൂടി. മാരക ശേഷിയുള്ള 15 ഗുളികകളാണ് യുവതിയുടെ കൈയ്യിലുണ്ടായിരുന്നത്. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച് യുവതിയെ പിടികൂടിയത്.

ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും നിശാപാര്‍ട്ടികളിലും മറ്റും ഇവര്‍ ലഹരി ഗുളിക എത്തിക്കുന്നതായും അധികൃതര്‍ പറഞ്ഞു. ഫറോക്ക് എക്‌സൈസ് സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്.

എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീശന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ സി. പ്രവീണ്‍ ഐസക്ക്, വി.പി. അബ്ദുല്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍. പ്രശാന്ത്, എം. റെജി, കെ.പി. ഷിംല, കെ.എസ്. ലതമോള്‍, പി. സന്തോഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Exit mobile version