‘മിന്നല്‍ പരിശോധന’ ; എറണാകുളത്ത് ഹോട്ടലില്‍ ഭക്ഷണത്തോടൊപ്പം ഹെറോയിന്‍ വില്‍പ്പനയും, ബംഗാളി സ്വദേശിനി അറസ്റ്റില്‍

പെരുമ്പാവൂര്‍ കണ്ടംതറ ഭാഗത്ത് എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനിയായ 36 വയസുകാരി സുലേഖാ ബീവി അറസ്റ്റിലായത്.

എറണാകുളം: പെരുമ്പാവൂരില്‍ ഹോട്ടലിന്റെ മറവില്‍ ഹെറോയിന്‍ വില്‍പ്പന നടത്തിയ ബംഗാളി സ്വദേശിനി അറസ്റ്റില്‍. പെരുമ്പാവൂര്‍ കണ്ടംതറ ഭാഗത്ത് എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനിയായ 36 വയസുകാരി സുലേഖാ ബീവി അറസ്റ്റിലായത്.

ഇവരില്‍ നിന്ന് 16.638 ഗ്രാം ഹെറോയിന്‍ എക്‌സൈസ് പിടികൂടി. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബംഗാളി ദീദി എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ സ്വന്തം നാട്ടില്‍ നിന്ന് ഹെറോയിന്‍ കൊണ്ടുവന്ന് കേരളത്തില്‍ വില്‍പന നടത്തിയിരുന്നു എന്ന് എക്‌സൈസ് അറിയിച്ചു.

കണ്ടംതറ ഭാഗത്ത് ഇവര്‍ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ് ഹെറോയിന്‍ വില്‍പന നടത്തി വന്നിരുന്നത്. എക്‌സൈസിന്റെ പെരുമ്പാവൂര്‍ റേഞ്ച് പാര്‍ട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിനീഷ് സുകുമാരന്‍ ഓപ്പറേഷന് നേതൃത്വം നല്‍കി. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു ജയിലിലടച്ചു.

Exit mobile version