അവിഹിത ബന്ധം പുറത്താകാതിരിക്കാൻ പൂർണഗർഭിണിയെയും ഏഴുവയസുകാരനേയും കൊലപ്പെടുത്തി; ആക്രമണത്തിനിടെ പാതി പ്രസവിച്ചനിലയിൽ യുവതി; ശിക്ഷ പറയുന്ന ദിവസം പ്രതിയുടെ ആത്മഹത്യാശ്രമം

പാലക്കാട്: മലപ്പുറം കാടാമ്പുഴയിൽ പൂർണഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പാലക്കാട് ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫാ(42)ണ് ബുധനാഴ്ച രാവിലെ പാലക്കാട് ജില്ലാ ജയിലിൽവെച്ച് കൈഞരമ്പ് മുറിച്ചത്. കേസിൽ ബുധനാഴ്ച ശിക്ഷ വിധിക്കാനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യാശ്രമം.

ഷരീഫിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കൽ ഉമ്മുസൽമ (26), മകൻ മുഹമ്മദ് ദിൽഷാദ് (ഏഴ്) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് ഷരീഫ് കുറ്റക്കാരനാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

പത്തുമാസം ഗർഭിണിയായ ഉമ്മുസൽമയെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. കണ്ടുനിന്ന മകൻ ദിൽഷാദിനെയും ഇതേരീതിയിൽ കൊലപ്പെടുത്തി. കൊലപാതകത്തിനിടെ ഉമ്മുസൽമ പാതി പ്രസവിക്കുകയും ശുശ്രൂഷകിട്ടാതെ നവജാതശിശു മരിക്കുകയുംചെയ്തു. ദിവസങ്ങൾക്കുശേഷം നാട്ടുകാരാണ് മൃതദേഹങ്ങൾ കിടപ്പുമുറിയിൽ പുഴുവരിച്ചനിലയിൽ കണ്ടെത്തിയത്.

കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറൽ, ഗർഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരിൽ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി. യുവതിയും മകനും ആത്മഹത്യചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ കൽപ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിർണായകമായത്.

2017ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. കരാറുകാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന വീട്ടിൽ കഴിയുകയായിരുന്ന ഉമ്മുസൽമയെ പരിചയപ്പെടുന്നത്. പിന്നീട് ഉമ്മുസൽമ ഗർഭിണിയാകുകയും പ്രസവശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിർബന്ധം പിടിക്കുകയുംചെയ്തു. ഇതോടെയാണ് ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ രഹസ്യബന്ധം പുറത്തറിയാതിരിക്കാൻ ആസൂത്രിതമായി കൊലപാതകം നടത്തിയെന്ന് പോലീസ് പറയുന്നു. വളാഞ്ചേരി സിഐ കെഎ സുലൈമാന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി വാസുവാണ് ഹാജരായത്.

Exit mobile version