ആറ് ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് 1,43,000 രൂപ ഈടാക്കിയ സംഭവം: ഉടന്‍ തിരിച്ചുകൊടുക്കാന്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോവിഡ് രോഗിയില്‍ നിന്നും നിയമവിരുദ്ധമായി ഈടാക്കിയ 1,43,000 രൂപ തിരികെ നല്‍കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി, ദുരന്തനിവാരണ അതോറിറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിര്‍ദേശം.

ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെല്ലില്‍ നിന്നും സ്വകാര്യാശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിയില്‍ നിന്നാണ് സ്വകാര്യ ആശുപത്രി വന്‍ തുക ഈടാക്കിയത്. പരാതിക്കാരനായ വട്ടിയൂര്‍ക്കാവ് മണ്ണറക്കോണം സ്വദേശി ബിഎച്ച് ആനന്ദിന്റെ പിതാവ് ഭുവനേന്ദ്രനെയാണ് 2021 മേയ് 12 മുതല്‍ 6 ദിവസം ചികിത്സിച്ചതും വന്‍ തുക ബില്ല് നല്‍കിയതും.

ജില്ലാ കളക്ടറേറ്റില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗിയില്‍ നിന്നും എംപാനല്‍ഡ് ആശുപത്രികള്‍ ചികിത്സാചെലവ് ഈടാക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥയെന്ന് തിരുവനന്തപുരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി സിഇഒ കമ്മീഷനെ അറിയിച്ചു.

എന്നാല്‍ 6 ദിവസത്തെ ചികിത്സക്ക് ഈടാക്കിയ 1,43,000 രൂപ തിരികെ നല്‍കാനാവില്ലെന്നാണ് രോഗിയെ ചികിത്സിച്ച പോത്തന്‍കോട് ശുശ്രുത ആശുപത്രിയുടെ നിലപാട്.

ആശുപത്രിയെ എംപാനല്‍ ചെയ്യാന്‍ മെയ് 14 നാണ് തങ്ങള്‍ അപേക്ഷ നല്‍കിയതെന്നും മേയ് 21 ന് മാത്രമാണ് എംപാനല്‍ ചെയ്ത് കിട്ടിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. എം പാനല്‍ ചെയ്ത് കിട്ടുന്നതിന് മുമ്പ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പ്രവേശിക്കപ്പെട്ട രോഗിക്ക് ചികിത്സാ സൗജന്യം നല്‍കാനാവില്ലെന്നാണ് ആശുപത്രിയുടെ നിലപാടെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.

ആശുപത്രിയുടെ വിശദീകരണം സ്റ്റേറ്റ്ഹെല്‍ത്ത് അതോറിറ്റി പരിശോധിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ജില്ലാകളക്ടറേറ്റില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് രോഗിയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

Exit mobile version