പുസ്തകം വാങ്ങിക്കാനായി ആലത്തൂരിലെ വീട്ടിൽ നിന്നിറങ്ങി; ഒരു മാസമായിട്ടും സൂര്യയെ കുറിച്ച് വിവരമില്ല; നെഞ്ചിൽ തീയേന്തി ഈ അച്ഛനും അമ്മയും

പാലക്കാട്: പുസ്തകം വാങ്ങിക്കാനായി സമീപത്തെ ടൗണിലേക്ക് പോയ സൂര്യയെന്ന പാലക്കാട്ടെ ഡിഗ്രി വിദ്യാർത്ഥിനി പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. ഒരുമാസമായി നെഞ്ചിൽ നെരിപ്പോട് പുകയുന്ന നീറ്റലുമായി മകളെ കാത്തിരിക്കുകയാണ് ആലത്തൂർ പുതിയങ്കം തെലുങ്കത്തറയിലെ രാധാകൃഷ്ണനും സുനിതയും. ഇവരുടെ മകൾ സൂര്യ കൃഷ്ണ(21) പാലക്കാട് മേഴ്‌സി കോളേജിൽ ബിഎ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. സൂര്യ ആലത്തൂർ ടൗണിലെ സ്റ്റാളിലേക്ക് ബുക്ക് വാങ്ങാൻ പോയതാണ്. പിന്നീട് മടങ്ങിവന്നില്ല.

പെൺകുട്ടിയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിക്കാത്തത് വലിയ ദുരൂഹതയാണ് ഉയർത്തുന്നത്. പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം തുടങ്ങിയെങ്കിലും സൂര്യയെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നതും ആശങ്കപ്പെടുത്തുന്നു.. ആലത്തൂർ ഹാർഡ്‌വെയർ ഷോപ്പിലെ ജീവനക്കാരനാണു രാധാകൃഷ്ണൻ. ഭാര്യ സുനിത വീട്ടമ്മയാണ്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണു സൂര്യ ജയിച്ചത്. നന്നായി പഠിച്ച് ഉയർന്ന ഉദ്യോഗം നേടി മെച്ചപ്പെട്ട ജീവിതം നയിക്കണമെന്നായിരുന്നു സൂര്യയുടെ ആഗ്രഹമെന്ന് പിതാവ് പറയുന്നു.

അവൾ 10 വരെ പഠിച്ച ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപകർക്കും പ്ലസ്ടുവിനു പഠിച്ച ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകർക്കും പഠനത്തിൽ മികവു പുലർത്തിയിരുന്ന കുട്ടി എന്ന അഭിപ്രായമാണുള്ളത്. ‘ഗോവയിൽ താമസിക്കണം, അവിടെ നല്ല കാലാവസ്ഥയാണ്’ എന്ന് പണ്ടെപ്പോഴോ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതറിഞ്ഞ പോലീസ് ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

വീട്ടിൽ നിന്നിറങ്ങിയ സൂര്യ, ടൗണിലെത്തുന്നതിനു മുൻപു ഗാന്ധി ജംക്ഷനിലൂടെ നടന്നുപോകുന്നത് കണ്ടവരുണ്ട്. ദേശീയപാതയിലെ സ്വാതി ജംക്ഷനിൽ എത്തിയോ എന്നറിയുന്നതിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പോലീസ്.

പത്താംക്ലാസിലും പ്ലസ്ടുവിനും മുഴുവൻ എപ്ലസ് നേടിയാണ് ജയിച്ചത്. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. പാലായിലെ എൻട്രൻസ് കോച്ചിങ് സെന്ററിൽ ചേർന്ന് പഠിക്കുകയും ചെയ്തിരുന്നു. എന്നാൽ റാങ്ക് പട്ടികയിൽ മുന്നിലെത്താൻ സാധിക്കാതെ വന്നതോടെ ബിരുദ പഠനത്തിന് ചേരുകയായിരുന്നു. പാലായിൽ പഠിക്കുമ്പോൾ കൂട്ടിക്കൊണ്ടു വരുന്നതും തിരികെ കൊണ്ടുവിടുന്നതും അച്ഛനായിരുന്നു. ബന്ധുക്കളുടെ വീടുകളിൽ പോലും താമസിച്ചിട്ടില്ല. ഇന്നുവരെ ട്രെയിൻ യാത്ര പോലും ചെയ്തിട്ടില്ലാത്ത തങ്ങളുടെ മകൾക്ക് എന്തു സംഭവിച്ചിരിക്കാമെന്ന ആധിയിലാണ് ഈ മാതാപിതാക്കൾ.

പാലായിലെ കോച്ചിങ് സെന്ററിൽ കൂടെ പഠിച്ചിരുന്നവരിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തങ്ങളെ വേർപിരിഞ്ഞ് മകൾക്ക് അധികകാലം കഴിയാനാവില്ലെന്നും വൈകാതെ അവൾ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിലാണു രാധാകൃഷ്ണനും സുനിതയും.

ഓഗസ്റ്റ് 30നാണ് സൂര്യയെ കാണാതായത്. രാവിലെ രാധാകൃഷ്ണൻ കടയിലേക്കു പോകുമ്പോൾ തനിക്കു കിട്ടാനുള്ള പുസ്തകത്തിന്റെ കാര്യം അവൾ ഓർമിപ്പിച്ചിരുന്നു. 10 മണിയോടെ അമ്മ സുനിത ബുക്സ്റ്റാളിലേക്കു വിളിച്ചു ചോദിച്ചപ്പോൾ പുസ്തകം വന്നിട്ടുണ്ടെന്ന മറുപടി ലഭിച്ചിരുന്നു. ഇത് രാധാകൃഷ്ണനെ അറിയിക്കുകയും ചെയ്തു. 3 മണിയോടെ മകളോട് കടയിലേക്ക് വരാൻ് രാധാകൃഷ്ണൻ ആവശ്യപ്പെടുകയും ചെയ്തു.്.

കോവിഡ് നിയന്ത്രണമുള്ളതിനാൽ ബുക്സ്റ്റാൾ നേരത്തെ അടച്ചുപോയാലോ എന്നു കരുതി അമ്മ വീണ്ടും വിളിച്ച് 12നു ചെല്ലുമെന്നു രാധാകൃഷ്ണനോടു പറഞ്ഞത്. 11.30നു തന്നെ രാധാകൃഷ്ണൻ ബുക്സ്റ്റാളിലെത്തി കാത്തിരുന്നു. പിന്നീട്11.45ന് വീട്ടിലേക്കു വിളിച്ചപ്പോൾ സൂര്യ ഇറങ്ങിയിട്ട് 10 മിനിറ്റായി എന്ന വിവരമാണു ലഭിച്ചത്. പക്ഷേ, ഏറെ സമയം കാത്തിരുന്നിട്ടും സൂര്യ എത്തിയില്ല. വീണ്ടും വീട്ടിലേക്കു വിളിച്ചപ്പോഴാണ് മകൾ 2 ജോഡി ഡ്രസും കൂടി എടുത്തിട്ടാണ് ഇറങ്ങിയതെന്നറിയുന്നത്. ഇതോടെ എല്ലാവർക്കും ആശങ്കയായി.

സൂര്യയുടെ അനിയൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥിിയായ അനുജൻ ദർശന് ഓൺലൈൻ ക്ലാസുള്ളതിനാൽ ഫോൺ കൊണ്ടുപോകണ്ട എന്നു പറഞ്ഞതിന് സൂര്യ അമ്മയോടു പിണങ്ങിയിരുന്നു. അതിനു തന്നെ പേടിപ്പിക്കാനാണ് ഡ്രസ് എടുക്കുന്നതെന്നാണ് അമ്മ ആദ്യം കരുതിയത്. പിന്നീട് പോലീസ് ഫോൺ രേഖകൾ വിശദമായി പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നല്ലതു മാത്രമേ നാട്ടുകാർക്കും സൂര്യയെപ്പറ്റി പറയാനുള്ളൂ. അധികം സുഹൃത്തുക്കൾ പോലും ഇല്ലാതിരുന്ന കുട്ടിയായിരുന്നു സൂര്യ എന്നു മാതാപിതാക്കളും പറയുന്നു.

പാലക്കാട് ജില്ലാ പോലീസ് മേധാവി 15 പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ആലത്തൂർ ഡിവൈഎസ്പി കെഎം ദേവസ്യ, ആലത്തൂർ സിഐ റിയാസ് ചാക്കിരി, എസ്‌ഐ ഗിരീഷ് കുമാർ, നെന്മാറ സിഐ ദീപകുമാർ, എസ്‌ഐ അരുൺകുമാർ എന്നിവർക്കാണു ചുമതല. സംഘം ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. യുവജന കമ്മിഷൻ അംഗം ടി മഹേഷ് വീട്ടിലെത്തി തെളിവെടുപ്പു നടത്തി. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Exit mobile version