കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം കാത്തുസൂക്ഷിച്ചു; നാലുവര്‍ഷത്തിന് ശേഷം ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍

നിലമ്പൂര്‍: കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് നല്‍കാനായി ഓട്ടോഡ്രൈവര്‍ സൂക്ഷിച്ച് വച്ചത് നാലുവര്‍ഷം. ഓട്ടോ ഡ്രൈവറായ രാമംകുത്ത് പാറേങ്ങല്‍ ഹനീഫയാണ് ആ നന്മ താരം.

നാല് വര്‍ഷം മുമ്പ് തന്റെ ഓട്ടോയില്‍ നിന്നും രണ്ട് സ്വര്‍ണ പാദസരങ്ങള്‍ ലഭിച്ചത്. ഓട്ടോറിക്ഷ കഴുകുന്നതിനിടെ ബാക്ക് സീറ്റിനടിയില്‍ ചെളി മൂടിയ നിലയിലായിരുന്നു പാദസരങ്ങള്‍. ഒന്നര പവന്‍ തൂക്കം വരുന്നതാണിത്. ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലിസില്‍ ഏല്‍പ്പിച്ചാലും യഥാര്‍ഥ ഉടമക്ക് കിട്ടിയേക്കാനിടയില്ലെന്നതിനാല്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കളഞ്ഞുകിട്ടിയ ആഭരണം വില്‍ക്കാനോ മറ്റോ ഹനീഫ തയ്യാറായില്ല. അതിനിടെ കഴിഞ്ഞ ദിവസമാണ് യാദൃശ്ചികമായി ഉടമ വീണ്ടും ഹനീഫയുടെ ഓട്ടോയില്‍ കയറുന്നത്.

തന്റെ ഓട്ടോയില്‍ കയറിയ നിലമ്പൂര്‍ റയില്‍വേ സ്റ്റേഷന് സമീപം വീട്ടിച്ചാലില്‍ താമസിക്കുന്ന യുവതി യാത്രക്കിടെ നാല് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണത്തെ കുറിച്ച് ഹനീഫയോട് സംസാരിച്ചപ്പോഴാണ്, ഇവരുടെ ആഭരണമാണ് കളഞ്ഞുപോയതെന്ന സംശയം ഉദിച്ചത്.

ആഭരണത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞു, ഹനീഫ തെളിവുകള്‍ കൂടി ചോദിച്ചതോടെ യുവതി കൃത്യമായി മറുപടി പറഞ്ഞു. ഇതോടെ ആഭരണം ഇവര്‍ക്ക് തിരിച്ച് നല്‍കുകയായിരുന്നു.

Exit mobile version