ഭാര്യയെ തുറിച്ചുനോക്കിയെന്ന് ആരോപണം; തിരുവനന്തപുരത്ത് യുവാവിന്റെ പല്ലടിച്ച് തെറിപ്പിച്ച് ഭര്‍ത്താവ്, കേസ്

തിരുവനന്തപുരം: ഭാര്യയെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവാവിന്റെ പല്ലടിച്ച് തെറിപ്പിച്ചു. തിരുവനന്തപുരം, പെരിങ്ങമലയിലാണ സംഭവം. വെങ്ങാനൂര്‍ താമസിക്കുന്ന യുവാക്കളുടെ പരാതിയില്‍ പുന്നമൂട് താമസിക്കുന്ന ഗിരീഷിനെതിരെ ബാലരാമപുരം പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി പെരിങ്ങമലയിലെ ബേക്കറിയില്‍ കേക്കുവാങ്ങാന്‍ എത്തിയതായിരുന്നു കൃഷ്ണകുമാറും സുഹൃത്ത് അഖിലും.

കേക്കുവാങ്ങി പുറത്തിറങ്ങിയപ്പോള്‍ ഭാര്യയെ തുറിച്ചുനോക്കി എന്നാരോപിച്ച് ഗിരീഷ് കൃഷ്ണകുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു. തടയാനെത്തിയ കൂട്ടുകാരന്‍ അഖിലിനും മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തില്‍ കൃഷ്ണകുമാറിന്റെ പല്ല് കൊഴിഞ്ഞ്. സുഹൃത്ത് അഖിലിന്റെ ചെവിക്ക് സാരമായി പരിക്കേറ്റു, സ്റ്റിച്ചിട്ടു. ഒപ്പമുള്ളത് കാമുകിയല്ലെന്നും തന്റെ ഭാര്യയാണെന്നും തുറിച്ച് നോക്കിയതെന്തിനെന്നും ചോദിച്ചായിരുന്നു ഗിരീഷ് തന്നെ മര്‍ദ്ദിച്ചതെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചു.

അതേസമയം, ആക്രമിച്ചയാളെ മുന്‍പരിചയമില്ലെന്നും സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് യുവാക്കള്‍ പറയുന്നത്. സംഭവം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. അതേസമയം തന്റെ ഭാര്യയോട് യുവാക്കള്‍ ബേക്കറിക്കുള്ളില്‍ വച്ച് മോശമായി പെരുമാറിയെന്നും താന്‍ അത് ചോദ്യം ചെയ്യുകയായിരുന്നുവെന്നും ഗിരീഷും സംഭവത്തില്‍ പ്രതികരിച്ചു.

Exit mobile version