വാഹനാപകടത്തിൽ യുവാവ് മരിച്ചു, വിവരം അറിയിക്കാൻ വിളിച്ചപ്പോൾ മകൻ ഉറങ്ങുകയാണെന്ന് മാതാപിതാക്കൾ

കൊച്ചി: എറണാകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പതിനാറുകാരൻ മരിച്ചു. മുപ്പത്തടം പയ്യപ്പള്ളി സുരേഷിന്റെ മകൻ പി.എസ്.മൃദുൽ ആണ് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. കളമശേരി ടിവിഎസ് കവലയിൽവച്ചാണ് അപകടം ഉമണ്ടായത്. അമിതവേഗത്തിലെത്തിയ ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു.

എന്നാൽ, മൃദുലിന്റെ അപകട വാർത്ത അറിയിക്കാൻ വീട്ടിലേയ്ക്കു വിളിക്കുമ്പോൾ മകൻ മുകളിൽ കിടന്ന് ഉറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. മരണവിവരം ആശുപത്രി അധികൃതർ ഒരു ബന്ധുവിനെ വിളിച്ചാണ് അറിയിച്ചത്. വിവരമറിയിക്കാൻ മൃദുലിന്റെ മാതാപിതാക്കളെ ബന്ധു വിളിച്ചപ്പോഴാണ് മകൻ വീട്ടിൽ ഇല്ലെന്ന വിവരം മാതാപിതാക്കൾ അറിയുന്നത്. രാത്രിയിൽ എപ്പോഴാണ് മൃദുൽ പുറത്തുപോയതെന്നും വീട്ടുകാർക്ക് അറിവില്ല.

Exit mobile version