ഹരിതാഭമാകാന്‍ റസ്റ്റ് ഹൗസുകള്‍: ഗാന്ധി ജയന്തി ദിനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിശ്രമ മന്ദിരങ്ങളുടെ പരിസരങ്ങള്‍ മനോഹരമായും ഹരിതാഭമായും പരിപാലിക്കുവാനുള്ള പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമാകും. ശനിയാഴ്ച രാവിലെ 7 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് കോഴിക്കോട് റസ്റ്റ് ഹൗസ് പരിസരത്ത് ഉദ്ഘാടനം ചെയ്യും.

പൊതുജനപങ്കാളിത്തത്തോടെ സര്‍ക്കാരിടങ്ങള്‍ വൃത്തിയായും മനോഹരമായും സൂക്ഷിക്കുവാനാണ് ഈ ഒരു പദ്ധതിയെക്കൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമാണ്.

റസ്റ്റ് ഹൗസുകള്‍ വൃത്തിയായും ഹരിതാഭമായും എല്ലാകാലത്തും നിലനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് റസ്റ്റ് ഹൗസ് പരിസരങ്ങളുടെ പരിപാലനം നടപ്പിലാക്കുകയും ചെയ്യും.

ആദ്യ ഘട്ടത്തില്‍ 14 വിശ്രമകേന്ദ്രങ്ങളാണ് ഹരിതാഭമാക്കുന്നത്. ആകെ 156 വിശ്രമമന്ദിരങ്ങളാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളത്. ഘട്ടംഘട്ടമായി എല്ലാ മന്ദിരങ്ങളിലും പദ്ധതി നടപ്പിലാക്കും.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോഴിക്കോട് റസ്റ്റ് ഹൗസിനുചുറ്റുമുള്ള രണ്ട് ഏക്കറില്‍ അധികം വരുന്ന ഭൂമിയില്‍ വേപ്പ്, ജാതിക്ക, ലക്ഷ്മിതരു തുടങ്ങിയ ഔഷധ സസ്യങ്ങളും മറ്റ് ഫലവൃക്ഷങ്ങളും നടുവാനാണ് പദ്ധതിയെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Exit mobile version