കെ സുധാകരനും വയലാര്‍ രവിയും ഒരുപാട് സഹായിച്ചിട്ടുണ്ട്: നേതാക്കളുമായി അടുത്ത ബന്ധമെന്ന് മോന്‍സന്‍ മാവുങ്കലിന്റെ വീഡിയോ

കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വയലാര്‍ രവിയും അടക്കമുള്ള നേതാക്കള്‍ സഹായിച്ചിട്ടുണ്ടെന്ന് പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ വീഡിയോ.

സുധാകരന്‍ കെപിസിസി അധ്യക്ഷനായ ശേഷമുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സുധാകരനുമായി തനിക്ക് അടുത്തബന്ധമുണ്ടെന്നും വീഡിയോയില്‍ മോന്‍സന്‍ പറയുന്നു. കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് തോന്നിയ സമയത്ത് പരാതിക്കാര്‍ തന്നെയാണ് ഇയാളുടെ സംസാരത്തിന്റെയും മറ്റും വീഡിയോ പകര്‍ത്തുന്നത് ആരംഭിച്ചത്.

സംഭാഷണം ഇങ്ങനെ: ”റെഡ് ടാഗ് ഒന്ന് മാറിയാല്‍ ഞാന്‍ ഭയങ്കര കോടിശ്വരനാണ്. ഇത് കേരളത്തില്‍ അറിയാവുന്ന കുറച്ചു പേരുണ്ട്. ഒന്ന് നമ്മുടെ കെപിസിസി പ്രസിഡന്റ്. പുള്ളിക്കറിയാം. പിന്നെ വയലാര്‍ രവി, എകെ ആന്റണി. മന്ത്രിയായിരുന്ന സമയത്ത് വയലാര്‍ രവി ഒരുപാട് സഹായിച്ചിട്ടുണ്ട്.

ആന്റണിക്ക് അറിയാം, പക്ഷെ സഹായിച്ചിട്ടില്ല. എച്ച്എസ്എ കേരളത്തില്‍ എനിക്ക് മാത്രമേയുള്ളൂ. 2018 മുതല്‍ എനിക്കുണ്ട് അത്. എംഎ യൂസഫലിക്ക് പോലുമില്ല അത്. 13 അക്കൗണ്ടുകള്‍ എന്റെ പേരിലുണ്ട്. ഇതില്‍ രണ്ട് അക്കൗണ്ടുകളില്‍ 100 കോടിക്ക് മുകളില്‍ പണമുണ്ട്.”

അതേസമയം, മോന്‍സന്‍ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. കേസില്‍ കൂടുതല്‍ അന്വേഷണം ഇനിയും നടത്താനുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. മോന്‍സന്‍ തട്ടിപ്പിലൂടെ സമ്പാദിച്ച പണം കണ്ടെത്തണമെന്നും ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കസ്റ്റഡി നീട്ടിയത്.

മോന്‍സന്റെ അക്കൗണ്ടില്‍ ഒറ്റ പൈസയില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. ഭാവിയില്‍ വരാന്‍ പോകുന്ന കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി ഇപ്പോള്‍ ചോദ്യം ചെയ്യണമെന്ന് പറയുന്നത് ശരിയല്ല. പുരാവസ്തു ഉണ്ടെങ്കിലും ആരോടും വാങ്ങാന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

Exit mobile version