മോന്‍സന്‍ മാവുങ്കലിന് പോലീസ് സുരക്ഷ നിര്‍ദേശിച്ചത് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിന് പോലീസ് സംരക്ഷണമൊരുക്കാന്‍ നിര്‍ദേശിച്ചത് അന്ന് ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ. കൊച്ചി, ആലപ്പുഴ പോലീസ് മേധാവികള്‍ക്ക് കത്തിലൂടെയാണ് ബെഹ്റ ഈ നിര്‍ദേശം നല്‍കിയത്.

മോന്‍സന്‍ തട്ടിപ്പുകള്‍ നടത്താനുള്ള ആസ്ഥാനമാക്കി ഉപയോഗിച്ച കൊച്ചിയിലെ വീട്ടില്‍ പോലീസ് ബീറ്റ് ബുക്കും സ്ഥാപിച്ചിരുന്നു. രാത്രി പരിശോധനയ്ക്ക് എത്തിയതായി ബീറ്റ് ബുക്കില്‍ രേഖപ്പെടുത്തണം. അതേസമയം, മോന്‍സന്റെ തട്ടിപ്പ് പുറംലോകം അറിഞ്ഞതിന് ശേഷം ബീറ്റ് ബോക്സ് കാണാതായി. പോലീസ് രഹസ്യമായി ഇത് മാറ്റിയെന്നാണ് അഭ്യൂഹം.

ലോക്നാഥ് ബെഹ്റയെ പോലെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ പോലീസ് ഉദ്യോഗസ്ഥന്‍ തട്ടിപ്പുകാരന് സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കിയെന്നത് ഗൗരവകരമാണ്. കേരളത്തിലെ തീവ്രവാദ സാന്നിദ്ധ്യത്തില്‍ തുടങ്ങിയ നിരവധി വിവാദങ്ങള്‍ക്കിടയായ പ്രസ്താവനയുമായി രംഗത്തുവന്ന ഉദ്യോഗസ്ഥനാണ് ബെഹ്റ.

മോന്‍സനുമായി ബെഹ്റ ഡിജിപിയായിരുന്ന ഘട്ടത്തില്‍ ഇത്രയധികം അടുപ്പം സ്ഥാപിച്ചതിന്റെ കാരണം ഉള്‍പ്പെടെ പുറത്തുവരാനുണ്ട്. ബെഹ്റ മോന്‍സന് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടത്, ഇയാളെക്കുറിച്ച് രഹസ്യ അന്വേഷണം നടക്കുന്ന വേളയിലാണെന്നതാണ് ഏറ്റവും ശ്രദ്ധേയം.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ അടുപ്പക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇതോടെ മോന്‍സന് കഴിഞ്ഞിരിക്കാം. ജി ലക്ഷ്മണന്‍, എസ് സുരേന്ദ്രന്‍, സിപി ലാല്‍, അനന്തലാല്‍, മനോജ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ സിഐമാര്‍ മോന്‍സന്റെ ‘പോക്കറ്റിലാണ്’ എന്ന് പ്രചരിപ്പിച്ചു.

ഇതിനാസ്പദമായി ഇയാള്‍ പല ഉന്നത ഉദ്യോഗസ്ഥരെയും ഇയാള്‍ ‘ഇര’യുടെ മുന്നില്‍ നിന്നും വിളിച്ചു. ചിലരുമായുള്ള സാമ്പത്തിക കൈമാറ്റം മുന്‍ പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ വെച്ചായിരുന്നു. ലോകനാഥ് ബെഹ്റയുടെ വലംകൈയെന്ന് വരെ മോന്‍സന്‍ പ്രചരിപ്പിച്ചിരുന്നുവെന്നാണ് അഭ്യൂഹങ്ങള്‍.

പോലീസിലെ ഉന്നതരുമായി അടുപ്പം സ്ഥാപിക്കാന്‍ ലോകനാഥ് ബെഹ്റയുമായുള്ള ബന്ധം ഉപകരിച്ചോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. ബെഹ്റയുമായുള്ള തട്ടിപ്പുവീരന്റെ ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പോലീസ് തയ്യാറാവുമോയെന്ന് വരും ദിവസങ്ങളില്‍ അറിയാം.

Exit mobile version