പുരാവസ്തുക്കൾ കൈയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിയത് കോടികൾ; മോൻസൻ മാവുങ്കലിന്റെ അറസ്റ്റിന് പിന്നിൽ

ടിപ്പുവിന്റെ സിംഹാസനം, മോശയുടെ വടി, യേശുവിനെ ഒറ്റിയ വെള്ളിക്കാശ്! പുരാവസ്തുക്കൾ കൈയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിയത് കോടികൾ; മോൻസൻ മാവുങ്കലിന്റെ അറസ്റ്റിന് പിന്നിൽ

കൊച്ചി: പ്രശസ്തനായ യൂട്യൂബർ മോൻസൻ മാവുങ്കൽ പുരാവസ്തു വിൽപനക്കാരനെന്ന പേരിൽ കോടികൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിൽ. ചേർത്തല സ്വദേശിയും കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തുക്കളുടെ വിൽപന നടത്തുകയും ചെയ്യുന്ന മോൻസൻ മാവുങ്കലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ടിപ്പു സുൽത്താന്റെ സിംഹാസനം, ബൈബിളിൽ പറയുന്ന മോശയുടെ അംശ വടി, യേശുവിനെ ഒറ്റിക്കൊടുക്കാനായി നൽകിയ വെള്ളിക്കാശ്, വിശുദ്ധ ഗ്രന്ഥങ്ങളുടെ പുരാതനമായ പതിപ്പുകൾ തുടങ്ങിയ തന്റെ കൈവശമുണ്ടെന്ന് മോൻസൻ പറഞ്ഞുവിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. നൂറോളം രാജ്യങ്ങളില്‍ സഞ്ചരിച്ചായിരുന്നു ഇത്തരത്തിലുള്ള ശേഖരങ്ങള്‍ കണ്ടെത്തിയത് എന്നാണ് മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

പുരാവസ്തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച് അഞ്ചുപേരിൽനിന്ന് 10 കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി. ശനിയാഴ്ച ചേർത്തലയിൽ നിന്നാണ് ഇയാളെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തുക വിട്ടുകിട്ടാൻ താൽകാലിക നിയമതടസങ്ങളുണ്ടെന്നും അതിനാൽ തന്നെ സഹായിച്ചാൽ ബിസിനസ് ആവശ്യങ്ങൾക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് 10 കോടിയിലേറെ രൂപ തട്ടിയെടുത്തത്. പലരിൽ നിന്നായി കോടികൾ തട്ടിയെടുത്തിട്ടുണ്ടെങ്കിലും പരാതി നൽകാൻ ആരും തയ്യാറാകാത്തതിനെ തുടർന്നാണ് മോൻസൻ തട്ടിപ്പ് തുടർന്നിരുന്നത്.

ടിപ്പുവിന്റെ സിംഹാസനം അടക്കമുള്ളവ ചേർത്തലയിലെ ആശാരി നിർമിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതോടെ ഇവ ഒറിജിനൽ അല്ല, പകർപ്പാണെന്ന് പറഞ്ഞുതന്നെയാണ് പുരാവസ്തുക്കൾ വിറ്റിരുന്നതെന്ന് മോൻസൻ പോലീസിനോട് പറഞ്ഞു.

കൂടാതെ കോസ്മറ്റോളജിയിൽ ഡോക്ടറേറ്റുണ്ടെന്ന അവകാശവാദവും ഇയാൾ നടത്തിയിരുന്നു. ഇതും വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഡോ. മോന്‍സന്‍ മാവുങ്കല്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഡോക്ടറേറ്റുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പത്താം ക്ലാസ് പോലും ഇയാള്‍ പാസായിട്ടില്ലെന്നാണ് വിവരം.

സിനിമ മേഖലയിലും പോലീസ് ഉന്നതരോടും അടക്കമുള്ള ഉന്നത ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version