‘കിരീടം വിറ്റ വകയില്‍ 70,000 കോടി കിട്ടാനുണ്ട്’: ആലപ്പുഴ സ്വദേശിയില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ 6.27 കോടി തട്ടിയെടുത്തതായി പരാതി

ചേര്‍ത്തല: 100 കോടി രൂപ പലിശയില്ലാതെ വായ്പ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിയില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ 6.27 കോടി രൂപ തട്ടിയെടുത്തതായി പരാതി.

ബ്രൂണെ സുല്‍ത്താന് കിരീടം വിറ്റ വകയില്‍ 70,000 കോടി രൂപ ഫണ്ട് കിട്ടാനുണ്ടെന്നും അതിലേക്കായി തത്കാലം ഫെമ പിഴ അടയ്ക്കാന്‍ വേണം എന്ന തരത്തില്‍ തെളിവുകള്‍ ഹാജരാക്കിയാണ് പണം തട്ടിയത്.

പകരം പലിശയില്ലാതെ ബാങ്ക് വായ്പ വാഗ്ദാനം ചെയ്തു. ബാങ്കിന്റെ രേഖകളടക്കം വിശ്വാസം വരാനായി നല്‍കിയെന്നും പരാതിക്കാരില്‍ ഉള്‍പ്പെടുന്ന ഷാജി പറയുന്നു. ഫെമ തടഞ്ഞതിനാല്‍ പിഴ അടച്ചാലേ പണം കിട്ടൂ എന്ന് വിശ്വസിപ്പിച്ചാണ് തങ്ങളില്‍ നിന്ന് പണം തട്ടിയതെന്നാണ് പരാതിക്കാരന്‍ ഷാജി പറയുന്നത്.

ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാകുന്നത്. അങ്ങനെയാണ് വാഹനങ്ങളുടെ മൂല്യനിര്‍ണയം അവര്‍ നടത്തിയത്. അവര്‍ നടത്തിയ വാലുവേഷനില്‍ ആകെ 25 ലക്ഷം രൂപയാണ് വാഹനങ്ങള്‍ക്കെല്ലാം കൂടി വിലയിട്ടത്.

ചേര്‍ത്തല സിഐയ്ക്ക് മോന്‍സണ്‍ നല്‍കിയ പരാതിയില്‍ 25 വാഹനങ്ങള്‍ ലീസിന് നല്‍കിയ വകയില്‍ ഒരുകോടി രൂപ ഞങ്ങള്‍ നല്‍കിയെന്നും ബാക്കി ഏഴ് കോടി നല്‍കണമെന്നുമായിരുന്നു കേസ്. പൈസ ഞങ്ങള്‍ അയച്ചത് മോന്‍സണിന്റെ മേക്കപ്പ്മാന്‍ ജോഷി, ഡ്രൈവര്‍ അജിത് എന്നിവര്‍ക്കാണ്. അജിത് പിന്നീട് മോന്‍സണുമായി തെറ്റിപ്പിരിഞ്ഞു.

പ്രമുഖ വ്യക്തികളുമായുള്ള ബന്ധം കാണിച്ചാണ് ഇയാള്‍ ആളുകളില്‍ നിന്ന് പണം വാങ്ങിയിരുന്നത്. ഇടപാടുകാാരെ തന്റെ ഉന്നതബന്ധം ബോധ്യപ്പെടുത്താനായി പഴയ ആഡംബരക്കാറുകള്‍ ഇയാള്‍ വീട്ടിലെ യാര്‍ഡില്‍ ഇട്ടിരുന്നു. ഇത്തരത്തില്‍ താന്‍ കോടീശ്വരനാണെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചുകൊണ്ടായിരുന്നു മോന്‍സണിന്റെ ഇടപാടുകള്‍.

വാങ്ങിയ പണം തിരിച്ചുകിട്ടാതെ വന്നതോടെയാണ് പന്തളം പോലീസില്‍ കേസ് നല്‍കുന്നതെന്ന് ഷാജി പറഞ്ഞു. അതിന് മുമ്പായി കുറേ പഴയ വാഹനങ്ങള്‍ യാര്‍ഡില്‍ കൊണ്ടുവന്ന് ഇട്ടു. പന്തളത്ത് കേസ് നല്‍കിയതിന് പിന്നാലെ മോന്‍സണ്‍ ചേര്‍ത്തല പോലീസില്‍ തനിക്കെതിരായി പരാതി നല്‍കി. ഡിവൈഎസ്പി സുഭാഷിനും ആലപ്പുഴ എസ്.പിക്കും പരാതി നല്‍കി.

Exit mobile version