കുതിരാനില്‍ സ്വീകരിച്ച റിയാസ് മാജിക് ഇപ്പോള്‍ എടപ്പാളിലും; വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങിയ എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു, നിര്‍മ്മാണം അവസാനഘട്ടത്തില്‍

Edappal high over | Bignewslive

തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിന്റെ ആദ്യ ടണല്‍ പണി പൂര്‍ത്തിയാക്കി അതിവേഗം തുറന്ന റിയാസ് മാജിക് ഇപ്പോള്‍ എടപ്പാളിലും. മേല്‍പ്പാലം ഇപ്പോള്‍ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. കോഴിക്കോട് പാതയിലെ പ്രധാന പാതയായ എടപ്പാള്‍ മേല്‍പ്പാലം പ്രവൃത്തി 2022 ഏപ്രിലില്‍ തീര്‍ക്കാമെന്ന് കരാര്‍ കമ്പനി പറഞ്ഞപ്പോള്‍ ഒക്ടോബറില്‍ തീര്‍ക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇഴഞ്ഞുനീങ്ങുന്ന നിര്‍മ്മാണം വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചു.

തൃശൂര്‍ – കോഴിക്കോട് പാതയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തിയാണ് എടപ്പാളിലെ മേല്‍പ്പാലം നിര്‍മ്മാണം. മന്ത്രിയായി ചുമതലയേറ്റ ശേഷം മെയ് 30 ന് തന്നെ മുഹമ്മദ് റിയാസ് എടപ്പാള്‍ മേല്‍പ്പാലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍ നിന്നും സമഗ്രമായൊരു റിപ്പോര്‍ട്ട് വാങ്ങി തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു.

വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന പ്രവൃത്തിയായിരുന്നു എടപ്പാള്‍ മേല്‍പ്പാലത്തിന്റേത്. ബാക്കിയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ഓരോന്നായി പരിശോധിച്ച മന്ത്രി അത് നടപ്പിലാക്കാന്‍ 2022 ഏപ്രില്‍ വരെ പോകേണ്ടതില്ല എന്ന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ വരെ നടപ്പിലാക്കേണ്ട പ്രവൃത്തിയെ സംബന്ധിച്ച് സമയ ക്രമം നിശ്ചയിച്ച് നല്‍കി. അത് പ്രകാരം മേല്‍പാലം പ്രവൃത്തി വേഗത്തിലായി. ഓരോ ഘട്ടത്തിലും മന്ത്രിയുടെ ഓഫീസില്‍ നിന്നും പ്രവൃത്തി പുരോഗതിയും വിലയിരുത്തി. ഓരോ ആഴ്ചയിലും പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രി ഓഫീസില്‍ നിന്നും പരിശോധിച്ചു. വലിയ തടസ്സം നേരിട്ട എടപ്പാള്‍ ടൗണിലെ ഭാഗങ്ങള്‍ ഏറ്റെടുത്ത് നീക്കം ചെയ്യാനുള്ള നടപടികളും വേഗത്തിലായി.

ഓഗസ്ത് 15 ന് വീണ്ടും മന്ത്രി നേരിട്ട് പാലം പ്രവൃത്തി കാണാനായി എത്തി. ആദ്യത്തെ സന്ദര്‍ശനത്തിന് ശേഷം കൃത്യം 75 ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പുരോഗതി വിലയിരുത്താനായി മന്ത്രി എത്തിയത്. ആദ്യയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഓരോന്നായി പരിശോധിച്ച് അവയെല്ലാം നടപ്പിലായെന്ന് ഉറപ്പായ ശേഷം ബാക്കിയുള്ള പ്രവൃത്തികള്‍ക്ക് സമയക്രമം നിശ്ചയിച്ച് നല്‍കുകയും ഒക്ടോബറില്‍ തന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്ന് ഉറപ്പിക്കുകയും ചെയ്താണ് മന്ത്രി മടങ്ങിയത്.

ഇപ്പോള്‍ പാലം പ്രവൃത്തി അതിന്റെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പാലത്തിനിരുവശത്തെയും കൈവരികളുടെ നിര്‍മാണം പൂര്‍ത്തിയായി. പെയിന്റിങ് ജോലി പൂര്‍ത്തീകരിച്ചുവരുന്നു. ലൈറ്റുകള്‍, മറ്റ് ഇലക്ട്രിക്ക് ജോലികള്‍ ഒരാഴ്ചക്കകം പൂര്‍ത്തീകരിക്കും. പാലത്തിനോടു ചേര്‍ന്നുള്ള ജംഗ്ഷന്റെ സൗന്ദര്യവല്‍ക്കരണം ആരംഭിച്ചു. പാലത്തിനടിയില്‍ ഇന്റര്‍ലോക്ക് കട്ട വിരിക്കല്‍ തുടങ്ങി. പാലത്തിനടിയിലും മുകളിലുമായി ടാറിങ് ജോലി അടുത്താഴ്ച തുടങ്ങും. കുറ്റിപ്പുറം റോഡില്‍ ഗതാഗതത്തിന് തടസ്സമായ കെട്ടിടങ്ങളുടെ മുന്‍വശം പൊളിച്ചുനീക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.

Exit mobile version