അഞ്ച് കിലോമീറ്റര്‍ അകലെ വിവാഹസദ്യ എത്തിക്കാന്‍ കാറ്ററിംഗ് ടീമിന് സഞ്ചരിക്കേണ്ടി വന്നത് 68 കിലോമീറ്റര്‍; എടുത്ത് അഞ്ച് മണിക്കൂറും! വില്ലനായത് കുതിരാന്‍

kuthiran block | Bignewslive

മണ്ണൂത്തി: അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ വിവാഹ സദ്യ എത്തിക്കാന്‍ കാറ്ററിംഗ് ടീമിന് ഓടേണ്ടി വന്നത് കുറച്ചധികം കിലോമീറ്റര്‍. അത് രണ്ടോ മൂന്നോ അല്ല, 68 കിലോമീറ്ററോളമാണ് ഇവര്‍ക്ക് ചുറ്റേണ്ടി വന്നത്. എടുത്ത സമയം ആകട്ടെ അഞ്ച് മണിക്കൂറും. കുതിരാനിലെ ഗതാഗത കുരുക്കാണ് ഇവര്‍ക്ക് തിരിച്ചടിയായത്.

വിരുന്നുകാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം എത്തിക്കാനായിരുന്നു ഇവരുടെ നെടോട്ടം. തൃശൂര്‍ പാണഞ്ചേരിയിലെ പവിത്രം കാറ്ററിംഗ് സര്‍വ്വീസിനെയാണ് കുടുംബം ഭക്ഷണം ഏല്‍പ്പിച്ചിരുന്നത്. വാണിയമ്പാറ പ്ലാക്കോട് സ്വദേശിയുടെ വിവാഹത്തിനാണ് കുതിരാന്‍ ഭക്ഷണം മുടക്കിയായി നിന്നത്. രാവിലെ 9 മണിക്ക് ശേഷമാണ് മുഹൂര്‍ത്തമെന്നതിനാല്‍ 10 മണിക്ക് ഭക്ഷണമെത്തിക്കാമെന്നായിരുന്നു കാറ്ററിംഗ് സര്‍വ്വീസ് ഏറ്റത്.

പതിനൊന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂര്‍ മതിയാവുമെങ്കിലും ഗതാഗതക്കുരുക്ക് മുന്‍കൂട്ടിക്കണ്ട് എട്ട് മണിക്ക് തന്നെ സദ്യയുമായി പുറപ്പെടുകയും ചെയ്തു. എന്നാല്‍ വിവാഹവീടിന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള വഴുക്കുംപാറയില്‍ എത്തിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.

സദ്യ വൈകാതിരിക്കാന്‍ ചേലക്കര വഴി പോകാന്‍ കാറ്ററിംഗ് സര്‍വ്വീസ് ജീവനക്കാര്‍ തീരുമാനിച്ചു. തുടര്‍ന്ന് മണ്ണൂത്തിയിലേക്ക് തിരിച്ചുപോയി മുടിക്കോട്. ചിറക്കാക്കോട്, വടക്കാഞ്ചരി, ചേലക്കര, എളനാട് വഴി 68 കിലോമീറ്ററിലേറെ ദൂരം പിന്നിട്ട് വാന്‍ വിവാഹവീട്ടിലെത്തിയത് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു. സദ്യ ഉച്ചയ്ക്ക് എത്തിക്കാന്‍ സാധിച്ചതിലുള്ള ഒരു സന്തോഷം കൂടിയാണ് കാറ്ററിംഗ് ടീമിന്. വെള്ളിയാഴ്ച രാത്രിയില്‍ ചരക്കുലോറി മറിഞ്ഞതാണ് ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ ഇടയായത്.

Exit mobile version