വൈറ്റില ജംഗ്ഷന്റെ കുരുക്കഴിയുന്നു; 20 വര്‍ഷത്തേയ്ക്ക് ഗതാഗതക്കുരുക്കെന്ന പരാതിയുണ്ടാകാത്ത വിധം മാസ്റ്റര്‍പ്ലാന്‍; ശാശ്വത പരിഹാരത്തിന് മന്ത്രിതല തീരുമാനം

vyttila junction | Bignewslive

കൊച്ചി: വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതത്വത്തില്‍ നടന്ന എറണാകുളം ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 20 വര്‍ഷത്തേക്ക് ഗതാഗതക്കുരുക്കെന്ന പരാതിയുണ്ടാകാത്ത വിധം ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ശാശ്വത പരിഹാരം കാണുന്നതിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

വൈറ്റില ജംഗ്ഷന്‍ വികസനം പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുള്ള വിഷയമായിരുന്നു. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പ് വൈറ്റിലയിലും കുണ്ടന്നൂരിലും മേല്‍പ്പാലങ്ങള്‍ പണിതത്. എന്നാല്‍ ഗതാഗതക്കുരുക്കിന് പൂര്‍ണമായ പരിഹാരമായിരുന്നില്ല.

എന്‍എച്ച്, എന്‍എച്ച്എഐ, ട്രാഫിക്ക് വിംഗ് എന്നിവര്‍ സംയുക്ത സ്ഥലപരിശോധന നടത്തി താല്‍ക്കാലിക പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. അതോടൊപ്പം ശാശ്വതപരിഹാരത്തിനായി ട്രാഫിക്ക് പഠനം നടത്തി ശാസ്ത്രീയ ഡിസൈന്‍ പ്രകാരം ആവശ്യമെങ്കില്‍ ഭൂമി ഏറ്റെടുത്ത് വിപുലീകരിക്കാനുള്ള നീക്കം ഇപ്പോള്‍ത്തന്നെ തുടങ്ങാനും തീരുമാനിച്ചു. 2019 ല്‍ പൊതുമരാമത്ത് നാഷണല്‍ ഹൈവെവിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും നടപടികള്‍ സ്വീകരിക്കുക.

യോഗത്തില്‍ കൊച്ചി മേയര്‍ അനില്‍കുമാര്‍ എം, ഹൈബി ഈഡന്‍ എംപി, പി ടി തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ സുഹാസ് ഐഎഎസ്, സിറ്റി പോലീസ് കമ്മീഷണര്‍, ആര്‍ടിഒ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version