കാൽമുട്ടിന് മുകളിൽ നായ മാന്തിയത് കാര്യമാക്കിയില്ല; വെള്ളം കണ്ടാൽ അസ്വസ്ഥത; ഒടുവിൽ യുവാവിന് പേവിഷ ബാധയേറ്റ് മരണം

കൽപ്പറ്റ: കാൽമുട്ടിന് മുകളിൽ നായ മാന്തിയത് കാര്യമാക്കാതിരുന്ന യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ സ്വദേശിയായ കിരൺകുമാർ (30) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ കിരൺകുമാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് ചൊവ്വാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.


ആഴ്ചകൾക്ക് മുമ്പാണ് കിരണിന്റെ കാൽമുട്ടിന് മുകളിൽ നായ മാന്തിയത്. എന്നാൽ ഇത് അത്ര കാര്യമാക്കിയിരുന്നില്ല. കാര്യമായ അസ്വസ്ഥതകളും ഉണ്ടായിരുന്നില്ല. എന്നാൽ തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ മൈതാനത്ത് ഫുട്‌ബോൾ കളിച്ച് മടങ്ങിയെത്തിയതിന് ശേഷം കിരണിന് അസ്വസ്ഥതകൾ തുടങ്ങുകയായിരുന്നു. വെള്ളം കാണുമ്പോൾ ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.

പിന്നീട് കഴിഞ്ഞ ദിവസമാണ് കിരണിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ആദ്യം നൂൽപുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചു. ആശുപത്രിയിൽ വച്ചാണ് ആഴ്ചകൾക്ക് മുൻപ് നായ കാൽമുട്ടിന് മുകളിൽ മാന്തിയ കാര്യം കിരൺ പറയുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ആരോഗ്യനില വഷളാകുകയായിരുന്നു. അച്ഛൻ കരുണൻ. അമ്മ രാധ. സഹോദരൻ: രഞ്ജിത്.

Exit mobile version