‘മണി മാറ്റേഴ്‌സ്’ ഇന്നുമുതല്‍: ദ്വൈവാര സാമ്പത്തിക വിശകലന പരിപാടിയുമായി സിപിഎം; സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നേരിട്ട് തീര്‍ക്കാം

കൊച്ചി: ‘മണി മാറ്റേഴ്‌സ്’ എന്ന പേരില്‍ ദ്വൈവാര സാമ്പത്തിക വിശകലന പരിപാടിയുമായി സിപിഎം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ഇന്ന് മുതല്‍ അവതരിപ്പിക്കുന്ന പരിപാടിക്ക് വലിയ പ്രചാരണം ആണ് സോഷ്യല്‍ മീഡിയയില്‍ ഇടത് അനുഭാവികള്‍ നല്‍കുന്നത്. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങളുമായി സംവദിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നതാണ് പരിപാടി.

ഒന്നിടവിട്ട ശനിയാഴ്ചകളില്‍ വൈകിട്ട് 7 മണി മുതല്‍ നടത്തുന്ന ധനതത്വശാസ്ത്ര വിശകലന പരിപാടിയുടെ വിഷയം ആദ്യം സിപിഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കുകയും അതില്‍ തെരെഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് വിശകലനത്തോടൊപ്പം ഉത്തരം നല്‍കുകയും ചെയ്യുന്ന സംവാദ രീതിയില്‍ ആണ് ദ്വൈവാര പരിപാടി സംഘടിപ്പിക്കുന്നത്.

‘തുറന്നു കാട്ടപ്പെടുന്ന സത്യാനന്തരം’ എന്ന പേരില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സ്വരാജ് എല്ലാ ഞായറാഴ്ചയും അവതരിപ്പിക്കുന്ന മാധ്യമ വിശകലന പരിപാടിക്ക് പുറമേ സിപിഎം സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന രണ്ടാമത്തെ സ്ഥിരം പരിപാടിയാണ് ഇത് .

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയും ,യൂറ്റൂബ് ചാനല്‍ വഴിയും ലൈവ് സംപ്രേക്ഷണം ചെയ്യുന്നതാണ് ഇത്തരം പരിപാടികള്‍. ഒരു ലക്ഷത്തിന് മുകളില്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ചാനലുകള്‍ക്ക് യൂടൂബ് നല്‍കുന്ന സില്‍വര്‍ ബട്ടണ്‍ നേടിയ ചിത്രം നേരത്തെ പാര്‍ട്ടി ചുമതലയുള്ള സെക്രട്ടറി വിജയരാഘവന്‍ പങ്കുവെച്ചിരുന്നു. ‘സില്‍വര്‍ ബട്ടണ്‍’ നേടിയ കേരളത്തിലെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ചാനല്‍ എന്ന പ്രത്യേകതയും സിപിഎം യൂടൂബ് ചാനലിന് ഉണ്ട്.

Exit mobile version