“മിസ്റ്റര്‍ മുരളീധരന്‍ കിഫ്ബിയെ തകര്‍ത്ത് വികസനം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും”; തോമസ് ഐസക്ക്

thomas isac| bignewslive

തിരുവനന്തപുരം: ചട്ടങ്ങള്‍ ലംഘിച്ചാണ് കിഫ്ബി മസാല ബോണ്ടു വഴി പണം സമാഹരിച്ചത് എന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി.മുരളീധരനെ വിമര്‍ശിച്ച് മന്ത്രി തോമസ് ഐസക്ക്. ഏതു ചട്ടമാണ് ലംഘിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. മസാലാ ബോണ്ട് വഴി പണം സമാഹരിക്കാന്‍ രാജ്യത്ത് നിലവിലുള്ള എല്ലാ ചട്ടവും കിഫ്ബിയും പാലിച്ചിട്ടുണ്ട്. കിഫ്ബിയെ തകര്‍ത്ത് കേരള വികസനം സ്തംഭിപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി ലഭിക്കും. അക്കാര്യത്തില്‍ അദ്ദേഹത്തിന് ഒരു സംശയവും വേണ്ട എന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ്:

തുടലഴിച്ചു വിട്ട കേന്ദ്ര ഏജന്‍സികളെ കണ്ട് ഭയന്നോടുന്നവരല്ല കേരളം ഭരിക്കുന്നത് എന്ന് പറഞ്ഞതില്‍ ആകെ രോഷാകുലനാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആ സ്ഥിതിയ്ക്ക് ഇത്രയും കൂടി പറഞ്ഞേക്കാം. ആ തുടലു പിടിക്കുന്ന കരങ്ങളെയും ഞങ്ങള്‍ക്കു ഭയമില്ല. കിഫ്ബിയെ തകര്‍ത്ത് കേരള വികസനം സ്തംഭിപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി ലഭിക്കും. അക്കാര്യത്തില്‍ അദ്ദേഹത്തിന് ഒരു സംശയവും വേണ്ട.

വിദേശത്തു നിന്നും മസാലബോണ്ടുവഴി പണം സമാഹരിച്ചതിനെ ഈ കേന്ദ്രമന്ത്രി വിശേഷിപ്പിക്കുന്നത് ”വിദേശത്തു നിന്നും പണം കൈപ്പറ്റി” എന്നാണ്. ഇന്ത്യാ ചരിത്രത്തില്‍ സമാനതകളില്ലാത്ത രീതിയില്‍ കമ്മീഷനും അഴിമതിയുമായി പാര്‍ട്ടി ഫണ്ട് സമാഹരിച്ചിട്ടുള്ള ബിജെപിയുടെ മന്ത്രിക്ക് അങ്ങനെ തോന്നിയതില്‍ എനിക്ക് അത്ഭുതമില്ല. തങ്ങളെപ്പോലെയാണ് ബാക്കിയുള്ളവരെല്ലാം എന്നു ധരിക്കരുത്.

ചട്ടങ്ങള്‍ ലംഘിച്ചാണ് കിഫ്ബി മസാല ബോണ്ടു വഴി പണം സമാഹരിച്ചത് എന്നാണ് വി.മുരളീധരന്റെ പ്രസ്താവനയില്‍ കണ്ടത്. ഏതു ചട്ടമാണ് ലംഘിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. മസാലാ ബോണ്ട് വഴി പണം സമാഹരിക്കാന്‍ രാജ്യത്ത് നിലവിലുള്ള എല്ലാ ചട്ടവും കിഫ്ബിയും പാലിച്ചിട്ടുണ്ട്. എന്‍ടിപിസി മസാലാ ബോണ്ടു വഴി 2000 കോടി സമാഹരിച്ചത് എങ്ങനെയാണ്? മസാലാ ബോണ്ടു വഴി 5000 കോടി സമാഹരിക്കാന്‍ നാഷണല്‍ ഹൈവേ ഓഫ് ഇന്ത്യ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പോയ വിവരവും അദ്ദേഹം അറിഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ല. ഉണ്ടെങ്കില്‍ ഇത്തരം മണ്ടത്തരങ്ങള്‍ പൊതുജനമധ്യത്തില്‍ വിളിച്ചു പറയുമായിരുന്നില്ല.

മസാലാ ബോണ്ടു വഴി പണം സമാഹരിക്കാന്‍ എന്‍ടിപിസിയും എന്‍എച്ച്എഐയും പാലിച്ച ചട്ടങ്ങളെല്ലാം കിഫ്ബിയും പാലിച്ചിട്ടുണ്ട്. ഇവയൊക്കെപ്പോലെ നിയമപരമായി രൂപീകരിച്ച ബോഡി കോര്‍പറേറ്റാണ് കിഫ്ബിയും. ഇപ്പറഞ്ഞവര്‍ക്ക് വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മസാലാ ബോണ്ടിനെ ഉപയോഗപ്പെടുത്താമെങ്കില്‍ കിഫ്ബിയ്ക്കും ഉപയോഗപ്പെടുത്താം.

ഫെമ അനുസരിച്ചും റിസര്‍വ് ബാങ്ക് വഴിയുമാണ് കിഫ്ബി മസാലാ ബോണ്ടു വഴി പണം കണ്ടെത്തിയത്. ഒരു ബോഡി കോര്‍പ്പറേറ്റിന് മാസാല ബോണ്ടുവഴി പണം സമാഹരിക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ എന്‍ഒസി മതി. സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുക്കുമ്പോള്‍ ചെയ്യുന്നതുപോലെ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വേണ്ട.

ഫെമ നിയമം നടപ്പാക്കുന്ന റിസര്‍വ്വ് ബാങ്കിന് കിഫ്ബി ചട്ടം ലംഘിച്ചുവെന്ന് ആക്ഷേപം ഇല്ല. അതു സംബന്ധിച്ച് ഒരു ചോദ്യംപോലും അവര്‍ ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്തിന് കേന്ദ്രധനകാര്യ വകുപ്പുപോലും ഇന്നേവരെ ഇതുസംബന്ധിച്ച് ഒരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ തങ്ങള്‍ നേരിട്ട് ഇതുവരെ ആക്ഷേപിക്കാത്ത കാര്യത്തെക്കുറിച്ച് ഇഡിയെക്കൊണ്ട് തെരഞ്ഞെടുപ്പു കാലത്ത് നടപടിയെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് തെരഞ്ഞടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്.

മുരളീധരനെയും കൂട്ടരെയും ഒരു കാര്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും അവരുടെ മനോവീര്യം തകര്‍ത്തുകളയാമെന്ന പൂതിയുമായി ഇഡി കേരളത്തില്‍ കറങ്ങി നടക്കേണ്ടതില്ല. വസ്തുതകളറിയാനും മനസിലാക്കാനുമാണ് അന്വേഷണമെങ്കില്‍ അവരോട് പൂര്‍ണമായും സഹകരിക്കും. അതല്ലാതെ ബിജെപിക്കാര്‍ പിന്നിലുണ്ട് എന്ന ഹുങ്കുമായി എന്തും ചെയ്തുകളയാമെന്ന് ഇഡിയുടെ കൊച്ചി യൂണിറ്റ് അധികാരികള്‍ കരുതുന്നുവെങ്കില്‍, അതിനൊത്ത രീതിയിലുള്ള പ്രതികരണവും ഉണ്ടാവും.മറ്റു സംസ്ഥാനങ്ങളില്‍ പയറ്റിത്തെളിഞ്ഞ ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കില്‍ ചുട്ടമറുപടി തന്നെ ഇഡിയ്ക്ക് കിട്ടും. ഒരു സംശയവും വേണ്ട.

Exit mobile version