ആശങ്ക വേണ്ട: മാറ്റിവെച്ച ശമ്പളം മെയ് മാസത്തില്‍ തന്നെ നല്‍കും; തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മെയ് മാസത്തില്‍ തന്നെ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കില്ലായെന്ന് മാധ്യമ വാര്‍ത്ത കണ്ടു. ഒരാശങ്കയ്ക്കും വകയില്ലെന്നും മാറ്റിവെച്ച ശമ്പളം അഞ്ചു ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും ധനമന്ത്രി പറഞ്ഞു.

ആദ്യ ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും. അത് താത്പര്യമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നല്‍കാനും അവസരമുണ്ടാകുമെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


കോവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം (മെയ് മാസം കൈയില്‍ ലഭിക്കുന്ന ശമ്പളം) ലഭിക്കില്ലായെന്ന് മലയാള മനോരമയില്‍ വാര്‍ത്ത കണ്ടു. കേരള കൗമുദിയാവട്ടെ ലഭിക്കുമോയെന്ന ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. ഒരാശങ്കയ്ക്കും വകയില്ല.

മാറ്റിവച്ച ശമ്പളം അഞ്ചു ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. ആദ്യ ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുകയും ചെയ്യും. അതു താത്പര്യമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നല്‍കാനും അവസരമുണ്ടാകും. കഴിഞ്ഞ രണ്ടു മാസങ്ങളായി ട്രഷറി സംവിധാനങ്ങള്‍ പുതിയ സര്‍വ്വറിലേയ്ക്കു മാറ്റുന്നതിനുള്ള വളരെയേറെ തിരക്കുകള്‍ ഉണ്ടായിരുന്നു.

പുതുക്കിയ ശമ്പളം ഡിഎ അരിയര്‍ എന്നിവയുമായി ബന്ധപ്പെട്ട സോഫ്ട്‌വെയര്‍ പരിഷ്‌കരിക്കുന്ന നടപടികള്‍ കാരണം ശമ്പളം തിരിച്ചു നല്‍കേണ്ട സോഫ്ട്‌വെയര്‍ പരിഷ്‌കരണം അല്‍പ്പം വൈകിയെന്നതും ശരി. എന്നാല്‍ തിങ്കളാഴ്ച മുതല്‍ ഇതിനായുള്ള സംവിധാനം നിലവില്‍ വരും. മെയ് മാസത്തെ ശമ്പള ബില്ലുകള്‍ മാറിയതിനു ശേഷം ശേഷം ആദ്യ ഗഡു വിതരണം ചെയ്യും.

മാറ്റിവച്ച ശമ്പളത്തിന്റെ ഗഡുക്കള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കുന്നതിനുള്ള ഓപ്ഷന്‍ അനുവദിക്കണമെന്ന് എന്‍ജിഒ യൂണിയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന സര്‍ക്കാര്‍ അനുകൂലമായി പരിഗണിക്കുകയുണ്ടായി. കാബിനറ്റ് തീരുമാനമനുസരിച്ച് ടി തുക ദുരിതാശ്വാസ നിധിയിലേക്ക് അടക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജീവനക്കാര്‍ക്ക് തിരികെ നല്‍കുന്ന അഞ്ച് ഗഡുക്കളില്‍ നിന്ന് താത്പര്യമുള്ള അത്രയും ഗഡുക്കള്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാനുള്ള സമ്മതപത്രം എഴുതി നല്‍കിയാല്‍ സമ്മതപത്രം ഡിഡിഒ പരിശോധിച്ച് സമ്മതം തന്ന ഗഡുക്കള്‍ പിടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാം. ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം സമയബന്ധിതമായി നടപ്പാക്കിയ ട്രഷറിയിലെയും സ്പാര്‍ക്കിലെയും ജീവനക്കാരെ അഭിനന്ദിക്കുന്നു.

Exit mobile version