‘കാക്കിയില്‍ തൊട്ട് കളിയ്‌ക്കേണ്ട’: മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ കാക്കി യൂണിഫോം ധരിയ്ക്കുന്നത് നിര്‍ത്തണമെന്ന് പോലീസ്

തിരുവനന്തപുരം: മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ കാക്കി യൂണിഫോം ധരിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപി. പോലീസ് യൂണിഫോമിന് സമാനമായി കാക്കി വസ്ത്രമിട്ട് സമൂഹമാധ്യമങ്ങളിലും മറ്റും തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പരാതി.

എഡിജിപിമാരുടെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, സ്റ്റുഡന്റ് പോലീസിന്റെ ഭാഗമായ അധ്യാപകര്‍ എന്നിവര്‍ കാക്കി യൂണിഫോമും തോളില്‍ സ്റ്റാറുമെല്ലാം വെയ്ക്കാറുണ്ട്.
പോലീസ്, ഫയര്‍ഫോഴ്‌സ് ജയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കാക്കി യൂണിഫോം ധരിക്കുന്നത്. പക്ഷേ പോലീസിനു സമാനമായ ചിഹ്നങ്ങളോ ബെല്‍റ്റോ മറ്റ് സേന വിഭാഗങ്ങള്‍ ഉപയോഗിക്കാറില്ല.

പോലീസ് ആക്ട് പ്രകാരം പോലീസ് യൂണിഫോമിന് സമാനമായി വസ്ത്രം ധരിക്കുന്നത് തെറ്റാണ്. സേനാഗംങ്ങളല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാക്കി ധരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നുന്നെന്ന് എഡിജിപി പത്മകുമാറാണ് പരാതി ഉന്നയിച്ചത്.

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇത്തരം ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്ന് യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാന്‍ ഡിജിപി തീരുമാനിക്കുകയായിരുന്നു. പോലീസ് ആസ്ഥാന ഡിജിപി മനോജ് എബ്രഹാമാണ് സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചത്

Exit mobile version