സുരേഷ് ഗോപിക്ക് മനസറിഞ്ഞ് സല്യൂട്ട് ചെയ്ത് സിഐ; കൂപ്പുകൈയ്യോടെ അടുത്തുവിളിച്ച് ക്ഷേമം അന്വേഷിച്ച് എംപി

പാലാ: തൃശ്ശൂരിൽ സല്യൂട്ട് ചോദിച്ചുവാങ്ങി വിവാദത്തിലായ സുരേഷ് ഗോപി എംപിക്ക് കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥന്റെ മനസറിഞ്ഞുള്ള സല്യൂട്ട്. പാലാ മുത്തോലിയിൽ ബിജെപി പരിപാടിക്കെത്തിയ സുരേഷ് ഗോപി എംപിക്ക് സിഐ കെപി തോംസൺ ആണ് സല്യൂട്ട് നൽകി ആദരിച്ചത്. സിഐയെ തൊഴുതുകൊണ്ട് തിരിച്ച് അഭിവാദ്യംചെയ്ത സുരേഷ് ഗോപി അദ്ദേഹത്തെ അടുത്തുവിളിച്ച് കുശലാന്വേഷണവും നടത്തി.

പിന്നീട് ബിഷപ്പിനെ കാണാനെത്തിയ എംപി ബിഷപ്പ് ഹൗസിനുമുന്നിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെ തന്റെ നിലപാടും വ്യക്തമാക്കിയിരുന്നു. സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണം. ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ല. പക്ഷേ, അതിൽ രാഷ്ട്രീയവേർതിരിവ് വരുന്നത് ശരിയല്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

സല്യൂട്ട് വിവാദമാക്കിയതാരാണെന്നും ആ പോലീസ് ഓഫീസർക്ക് പരാതിയുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. പോലീസ് അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ ആരുടെ അസോസിയേഷൻ എന്ന് സുരേഷ് ഗോപി തിരിച്ചുചോദിച്ചു. ആ അസോസിയേഷൻ ജനാധിപത്യ സംവിധാനത്തിലുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

സല്യൂട്ട് നൽകാൻ പാടില്ലെന്ന് പറഞ്ഞത് ആരാണ്. അങ്ങനെ പറയാൻ കഴിയില്ല. പോലീസ് കേരളത്തിലാണ്. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്. അത് അനുസരിക്കണം. ഡിജിപി ആണ് നിർദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ട് നൽകേണ്ട എന്നവർ വിശ്വസിക്കുന്നെങ്കിൽ രാജ്യസഭാ ചെയർമാന് പരാതി നൽകട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version