പൂർണമായി കൈയ്യൊഴിഞ്ഞു; ലീഗിൽ നിന്നും നീതി കിട്ടുമെന്ന് കരുതുന്നില്ല; കൂടുതൽ വനിതകൾ വന്നാൽ സ്ത്രീവിരുദ്ധ സമീപനം മാറുമെന്ന് മിൻഹ ജലീൽ

കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ വീണ്ടും പ്രതികരണവുമായി പുറത്താക്കപ്പെട്ട ഹരിത നേതാവ് മിൻഹ ജലീൽ. ഇനി ലീഗിൽ നിന്ന് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് മുൻഹരിത സംസ്ഥാന സെക്രട്ടറി കൂടിയായ മിൻഹ പറഞ്ഞു.

അടഞ്ഞ അധ്യായമെന്നാണ് ഈ വിഷയത്തെ കുറിച്ച് ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പിഎംഎ സലാം വ്യക്തമാക്കിയത്. ലീഗിലും പോഷക സംഘടനകളിലും കൂടുതൽ വനിതകൾ വന്നാൽ മാത്രമേ സ്ത്രീവിരുദ്ധത സമീപനം ഒഴിവാക്കാനാകൂ എന്നും അവർ അഭിപ്രായപ്പെട്ടു.

‘പാർട്ടിയിൽ നിന്ന് ഇനി നീതി കിട്ടുമെന്ന് കരുതുന്നില്ല. ലീഗ് പൂർണമായും കയ്യൊഴിഞ്ഞിരിക്കുകയാണ്. ഹരിത ഉയർത്തിയ വിഷയം അടഞ്ഞ അധ്യായമെന്ന് പിഎംഎ സലാം വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി പ്രതീക്ഷയില്ല. എംഎസ്എഫ് കൂടുതൽ പക്വത ആർജിക്കേണ്ടതുണ്ട്. കൂടുൽ വനിതകൾ വരണം. ഇത് മാത്രമാണ് സ്ത്രീവിരുദ്ധത സമീപനം കുറയാനുള്ള പ്രതിവിധി.’

‘പാർട്ടിക്ക് വീഴ്ച പറ്റി എന്ന് പറഞ്ഞ് എംഎസ്എഫിലടക്കം നിരവധി പേർ ഒപ്പം നിൽക്കുന്നു. കൂടുതൽ എംഎസ്എഫുകാർ രാജി വെച്ചേക്കും. നേതാക്കൾക്ക് നിലനിൽപാണ് പ്രധാനം. ഹരിതക്കൊപ്പമാണെന്ന് സ്വകാര്യമായി നിരവധി നേതാക്കൾ പറഞ്ഞു. എന്നാൽ ഇവർക്ക് പുറത്ത് പറയാൻ മടിയാണ്’ എന്നും മിൻഹ ജലീൽ പറഞ്ഞു.

Exit mobile version