പഠനവും പരീക്ഷയും സർവീസിൽ കയറിയതും ഒരുമിച്ച്; കാടിനെ കാക്കുന്ന ജാക്‌സണും റിയയും ജീവിതത്തിലും ഒന്നിച്ചുതന്നെ!

അതിരപ്പിള്ളി: പഠനത്തിലും പരീക്ഷയിലും ജോലിയിലും ഒരുമിച്ച ഇരുവരും ജീവിതത്തിലും ഒന്നിച്ചുതന്നെയാണ് ഇപ്പോൾ. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് ഈ ദമ്പതികൾ. സർക്കാർ ജോലി നേടാനുള്ള പരിശ്രമത്തിനിടെയാണ് ജാക്‌സണും റിയയും കണ്ടുമുട്ടിയതുതന്നെ.

പഠനകാലത്തെ സൗഹൃദം പഠനത്തിലും ജോലിയിലും പിന്നീട് ജീവിതത്തിലും തുടർന്നു. ചായ്പൻകുഴി സ്വദേശി ചിറമേൽ ജാക്‌സണും വെസ്റ്റ് കൊരട്ടി സ്വദേശിനി കണ്ണമ്പുഴ റിയ തോമസും ഒന്നര വർഷമായി കൊന്നക്കുഴി സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാണ്. ഇരുവരുടേയും വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിലാണ് ഒരേ സ്‌റ്റേഷനിൽ പോസ്റ്റിങായത്.

കാട്ടിലൂടെ കിലോമീറ്ററുകൾ നടക്കുമ്പോൾ മൃഗങ്ങളുടെ മുന്നിൽപ്പെട്ടതും വെറ്റിലപ്പാറ ഭാഗത്ത് ആനക്കൂട്ടത്തെ ഓടിക്കുന്നതിനിടെ ആന തിരികെ ആക്രമിച്ചതും ഉൾപ്പടെ കാടുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ അഭിമുഖീകരിച്ചതും ഇരുവരും ഒരുമിച്ചാണ്.

ചാലക്കുടിയിലെ പിഎസ്‌സി പരിശീലനകേന്ദ്രത്തിൽ ഒരുമിച്ചു പഠിച്ച ഇരുവരും വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് പരീക്ഷയെഴുതിയതും ഒരേ സമയത്തായിരുന്നു. എംബിഎ എടുത്ത് ഒരു വർഷം ജോലിചെയ്ത ശേഷമാണ് റിയ സർക്കാർ ജോലിക്കായി ശ്രമിച്ചത്. കമ്പനി ബോർഡ് അസിസ്റ്റന്റ്, എക്‌സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയിലെ റാങ്ക് ലിസ്റ്റുകളിൽ റിയ ഉൾപ്പെട്ടിട്ടുണ്ട്.

Exit mobile version