‘എടാ, എടീ’ വിളി വേണ്ടെന്ന് ഡിജിപി; അസഭ്യവർഷം നടത്തിയ യുവാവിനോട് ക്ഷമിച്ച് പോലീസ്; പരിധിവിട്ട അധിക്ഷേപമായപ്പോൾ മാത്രം അറസ്റ്റും നടപടിയും; വൈറലായി സംഭവം

തൊടുപുഴ: പോലീസിനെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തിയ യുവാവിനോട് ക്ഷമയോടെ പെരുമാറി പോലീസിന്റെ പ്രവർത്ത് ശ്രദ്ധേയമായി. തൊടുപുഴയിലാണ് സംഭവം. യുവാവിന്റെ തെറികൾ ഒടുവിൽ സകല സീമകളും ലംഘിച്ചതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.

അതേസമയം, പോലീസ് സഹിഷ്ണുതയോടെ പെരുമാറിയ സംഭവത്തിന്റെ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രതികളെ ഉൾപ്പെടെ ‘എടാ, എടീ’ വിളി വേണ്ടെന്ന് ഡിജിപിയുടെ സർക്കുലർ ഇറക്കിയതിനു പിന്നാലെയാണ് പോലീസിന്റെ ക്ഷമ കാണിക്കുന്ന ഈ വീഡിയോ പ്രചാരം നേടിയത്.

മദ്യപിച്ചെത്തി വീട്ടിൽ ബഹളം ഉണ്ടാക്കുകയും മാതാപിതാക്കളെ ശല്യം ചെയ്യുകയും ചെയ്യുന്നതായുള്ള ബന്ധുക്കളുടെ പരാതി അന്വേഷിക്കാൻ എത്തിയ പോലീസുകാർക്കു നേരെയായിരുന്നു ആലക്കോട് ചവർണ സ്വദേശിയായ ഓട്ടോ ഡ്രൈവർ അനസിന്റെ (30) അസഭ്യവർഷം.

ഇയാൾ പ്രബേഷൻ എസ്‌ഐയുടെയും പോലീസുകാരുടേയും നേരെയാണ് തെറിവിളിച്ചത്. ഇയാൾ ഓട്ടോറിക്ഷ മുന്നിൽ കയറ്റിയിട്ട് പോലീസ് ജീപ്പ് തടയുകയും ചെയ്തു. തുടർന്ന് പ്രിൻസിപ്പൽ എസ്‌ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.

പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മദ്യപിച്ചെത്തി മാതാപിതാക്കളെ ശല്യം ചെയ്തതിനും കേസ് എടുത്തു. പിന്നീട് അനസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version