സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ആശങ്കയാണ് പങ്കുവെച്ചത്; പാലാ ബിഷപ്പിന് പിന്തഉണയുമായി അനൂപ് ജേക്കബ്

കോട്ടയം: നാർകോട്ടിക്‌സ് ജിഹാദ് എന്ന വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരള കോൺഗ്രസ് ജേക്കബ് വിഭാഗം എംഎൽഎ അനൂപ് ജേക്കബ്. സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചതെന്നും ബിഷപ്പിന് എതിരെയുള്ള പ്രതിഷേധം അനാവശ്യമാണെന്നും അനൂപ് ജേക്കബ് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

നാർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം വചന സന്ദേശത്തിൽ പറഞ്ഞത്.

ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നത് തുടങ്ങിയവയാണ് ബിഷപ്പ് ആരോപിച്ചത്.

പാലാ ബിഷപ്പിനെതിരെ വിമർശനങ്ങൾ ഉയരുമ്പോഴും ബിജെപി നേതാക്കളും പിസി ജോർജും അടക്കമുള്ളവർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അനൂപ് ജേക്കബും പിന്തുണച്ച് രംഗത്തെത്തിയത്.

Exit mobile version