പെൺകുട്ടിക്ക് സന്ദേശം അയച്ചതിനെ ചൊല്ലി തർക്കം; ആലപ്പുഴയിൽ യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: പെൺകുട്ടിക്ക് സന്ദേശം അയച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ആലപ്പഉഴ പൂച്ചാക്കലിൽ യുവാവിനെ ഏഴംഗസംഘം വെട്ടിക്കൊന്നു. പൂച്ചാക്കൽ തൈക്കാട്ടുശ്ശേരി രോഹിണിയിൽ വിപിൻലാൽ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ ഉൾപ്പെട്ട മറ്റുപ്രതികളെ പിടികൂടാൻ പോലീസ് അന്വേഷണം തുടരുകയാണ്.

വിപിൻലാലിനെ റോഡിൽ തടഞ്ഞുനിർത്തിയായിരുന്നു ഏഴംഗസംഘത്തിന്റെ ആക്രമണം. കഴിഞ്ഞദിവസം രാത്രിയാണ് സംഭവമുണ്ടായത്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും ഒരു പെൺകുട്ടിക്ക് സന്ദേശം അയച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഇത്തരത്തിൽ സന്ദേശം അയച്ചതിനെച്ചൊല്ലി നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസവും ഇതിന്റെപേരിൽ തർക്കങ്ങളുണ്ടായി. തുടർന്ന് ഏഴംഗസംഘം വിപിൻലാലിനെ തടഞ്ഞുനിർത്തി മർദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു.

Exit mobile version