വധൂവരന്മാർക്ക് ഓൺലൈനിലൂടെ വിവാഹിതരാകാം; സാങ്കേതിക സൗകര്യം ഒരുക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: വധൂവരന്മാർക്ക് ഓൺലൈനിൽ ഹാജരായി വിവാഹം നടത്താമെന്ന് സർക്കാർ. ഇതിനായി സാങ്കേതികസൗകര്യം ഒരുക്കാനാകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള, ഐടി മിഷൻ ഡയറക്ടർ എന്നിവരാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം സ്വദേശിനി ധന്യ മാർട്ടിൻ അടക്കമുള്ളവർ ഓൺലൈനിൽ വിവാഹത്തിന് അനുമതി തേടി നൽകിയ ഹർജികൾ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ച് പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കോടതിയുടെ നിർദേശമുണ്ടായാൽ സൗകര്യം ഒരുക്കാമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഹർജിയിൽ കോടതി ബുധനാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.

അതേസമയം, വിവാഹത്തിനായി ഓൺലൈനിൽ ഹാജരാകുമ്പോഴുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങൾ സ്റ്റേറ്റ് അറ്റോർണി എൻ മനോജ് കുമാർ ചൂണ്ടിക്കാട്ടി. സാങ്കേതികകാര്യങ്ങളിൽ പിന്തുണ നൽകാനാകും. എന്നാൽ, സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ ഭേദഗതി വരുത്തേണ്ടത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം വിശദീകരിച്ചു. ആളെ തിരിച്ചറിയുന്നതിനൊപ്പം അവരുടെ മാനസികനിലയടക്കം വിവാഹ ഓഫീസർ വിലയിരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് ചൂണ്ടിക്കാട്ടിയത്. അതല്ലെങ്കിൽ കോടതിയുടെ നിർദേശം ഉണ്ടാകണമെന്നും വ്യക്തമാക്കി.

കേന്ദ്രത്തിന്റെയടക്കം നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമതീരുമാനം. വിദേശത്തായതിനാലാണ് ഹർജിക്കാർ ഓൺലൈനിൽ വിവാഹത്തിന് അനുമതി തേടിയിരിക്കുന്നത്. നേരിട്ട് ഹാജരാകാതെതന്നെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താനാകുമെന്ന് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

പക്ഷേ, വിവാഹ ഓഫീസർക്ക് കക്ഷികളെ തിരിച്ചറിയാൻ എന്താണ് മാർഗം എന്ന് അഭിപ്രായപ്പെട്ട കോടതി സംസ്ഥാന-കേന്ദ്ര ഐടി വകുപ്പുകളെയും വിദേശകാര്യ മന്ത്രാലയത്തെയും കക്ഷി ചേർക്കുകയായിരുന്നു.

Exit mobile version