ഉത്തർപ്രദേശ് മോഡൽ ചികിത്സ! കോവിഡ് ഭേദമാക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ ചികിത്സ; കാസർകോട്ടെ വ്യാജനെ പോലീസ് പിടികൂടി

കാസർകോട്: കോവിഡ് രോഗം ഭേദമാക്കാനെന്ന് വാഗ്ദാനം ചെയ്ത് വ്യാജ ചികിത്സ നടത്തിയയാൾ പിടിയിൽ. കാസർകോട് ഉപ്പളയിലാണ് വ്യാജ ചികിത്സ നടത്തിയ ഉത്തർപ്രദേശ് സ്വദേശിയായ വിനീത പ്രസാദി(36)നെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. നാല് ദിവസം കൊണ്ട് കോവിഡ് രോഗം ഭേദമാക്കുമെന്ന് പറഞ്ഞാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. ഉത്തർപ്രദേശ് മോഡൽ ചികിത്സ എന്ന പേരിലാണ് വ്യാജൻ മരുന്ന് നൽകുന്നത്.

ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ് നിർദേശിച്ചത് പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ വിനീത പ്രസാദ് വ്യാജ ചികിത്സ നടത്തിയതായി കണ്ടെത്തി. മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.

ഇയാളുടെ വ്യാജ ചികിത്സ സംബന്ധിച്ച് മാധ്യമവാർത്തകൾ വന്നിരുന്നു ഇതിന് പിന്നാലെയാണ് നടപടിയെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ആരോഗ്യ വകുപ്പ് വ്യാജ ചികിത്സ നടത്തുന്നയാൾക്കെതിരെ പരാതി നൽകുകയായിരുന്നു.


കോവിഡിന് യുപി മോഡൽ ചികിത്സ എന്ന് ഉപ്പളയിൽ ബാനറും ഇയാൾ സ്ഥാപിച്ചിരുന്നു. ഇതാണ് രോഗികളെ ആകർഷിച്ചിരുന്നത്. ഐടിഐ മാത്രം പാസായ ആളാണ് പിടിയിലായത്.

Exit mobile version