കച്ചവടം നിലച്ചു, കുടുംബം പട്ടിണിയിലാണ്, മോഷ്ടാവേ, ആ ബാറ്ററികളും റൈസ് കുക്കറുകളും തിരികെ തരൂ; അപേക്ഷിച്ച് ഈ യുവാക്കൾ

ആലുവ: മഹാമാരി കാലത്ത് പ്രതിസന്ധികൾ ഏറിയിട്ടും രണ്ട് കുടുംബങ്ങൾക്ക് ഏറെ ആശ്വാസമായിരുന്ന വഴിയോരത്തെ ചെറിയ ഭക്ഷണശാല മോഷ്ടാവ് കാരണം അടച്ചിട്ടിരിക്കുകയാണ്. കട നടത്താൻ ആവശ്യമായിരുന്ന വസ്തുക്കളെല്ലാം മോഷ്ടാവ് അടിച്ചുമാറ്റി കൊണ്ടുപോയതോടെയാണ് വഴിയോരത്തു പൊറോട്ടയും ബീഫ് കറിയും വിറ്റിരുന്ന സുഹൃത്തുക്കളായ ദിലീഷ് കരുവേലി, സുധീഷ് ബാബു എന്നിവർ ദുരിതത്തിലായയയയയത്.

‘അമ്മയ്ക്ക് ഇനി വിൽക്കാൻ കമ്മലുകൾ ഇല്ല. കച്ചവടം നിന്നതോടെ കുടുംബം ബുദ്ധിമുട്ടിലാണ്. പ്രിയപ്പെട്ട മോഷ്ടാവേ, ആ ബാറ്ററികളും റൈസ് കുക്കറുകളും തിരികെ തരൂ.’- എന്നാണ് ഇവരുടെ അഭ്യർത്ഥന.

ചൂർണിക്കര കമ്പനിപ്പടി ഐരാർ സ്വദേശികളാണ് ഇവർ. ഹിന്ദുസ്ഥാൻ ലീവറിൽ മർച്ചന്റൈസർ ആയിരുന്നു ദിലീഷ് (39). സുധീഷ് (36) കൊച്ചിൻ ഷിപ്‌യാർഡിൽ കരാറുകാരന്റെ കീഴിൽ വെൽഡറും. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നു ജോലിക്കു പോകാൻ വയ്യാതായപ്പോഴാണ് ഇവർ മുതൽമുടക്കു കുറഞ്ഞ വഴിയോര ഭക്ഷണ വിൽപന ആരംഭിച്ചത്. 2 മാസം മുൻപ് അമ്പാട്ടുകാവ് പെട്രോൾ പമ്പിനു സമീപം പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ ഷെഡിൽ ഇരുവരും സായാഹ്ന തട്ടുകട തുടങ്ങി.

ഇവിടെ പൊറോട്ടയും ബീഫ് കറിയും വീട്ടിൽ തയാറാക്കി അലൂമിനിയം ഫോയിൽ കവറുകളിലാക്കി കൊണ്ടുവരും. ചൂടാറാതിരിക്കാൻ റൈസ് കുക്കറുകളിലാണു സൂക്ഷിക്കുക. 3 പൊറോട്ടയും ബീഫ് കറിയും അടങ്ങിയ ഒരു പാക്കറ്റിന് 50 രൂപ. ദിവസം 30 പാക്കറ്റിൽ തുടങ്ങിയ കച്ചവടം 125 പാക്കറ്റിലേക്കു വളർന്നിരുന്നു.

പാഴ്‌സൽ വാങ്ങിയ ഒരാൾ വിഡിയോ എടുത്തു യൂട്യൂബിൽ ഇട്ടതോടെ കച്ചവടം ഒന്നുകൂടി പച്ചപിടിച്ചു. ഇതിനിടെ ഇരുവർക്കും വീണ്ടും ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടു. തുടർന്ന് ഓഗസ്റ്റ് 24നു കട താൽക്കാലികമായി നിർത്തി വയനാട്ടിൽ ആയുർവേദ ചികിത്സയ്ക്കു പോയി. പിന്നീട് തിരിച്ചെത്തി കട പുനരാരംഭിക്കാൻ ചെന്നപ്പോഴാണു തടിയുടെ പെട്ടിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം താഴു തകർത്തു മോഷ്ടിച്ചതായി കണ്ടത്.

മെഴുകുതിരി വെളിച്ചത്തിലാണു കട ആദ്യം പ്രവർത്തിപ്പിച്ചിരുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാറ്റടിച്ചു തിരി കെടുന്നതു പതിവായപ്പോൾ 2 സെക്കൻഡ് ഹാൻഡ് ബാറ്ററി വാങ്ങി ബൾബുകൾ ഇട്ടിരുന്നു.

അമ്മയുടെ കമ്മലുകൾ വിറ്റു കിട്ടിയ 8,000 രൂപ കൊണ്ടാണ് ഇവ വാങ്ങിയതെന്നു ദിലീഷ് പറഞ്ഞു. വീണ്ടും മുതൽമുടക്കാൻ കയ്യിൽ സമ്പാദ്യമൊന്നുമില്ല. അതിനാൽ കുടുംബത്തെ ഓർത്തു സാധനങ്ങൾ തിരികെ നൽകാൻ സന്മനസ്സു കാട്ടണമെന്നാണു സംരംഭകരുടെ അഭ്യർഥന.

Exit mobile version