നിപ പ്രതിരോധത്തിന് സർക്കാരിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ; ആരോഗ്യമന്ത്രിയെ നേരിട്ട് അറിയിച്ചെന്ന് വിഡി സതീശൻ

കോഴിക്കോട്: വീണ്ടും സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ നിപ പ്രതിരോധത്തിൽ സർക്കാറിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ഇക്കാര്യം ആരോഗ്യമന്ത്രിയെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ടെന്നും കോവിഡ് പ്രതിരോധം പോലെയാകരുത് നിപ പ്രതിരോധമെന്നും സതീശൻ പ്രതികരിച്ചു.


കോവിഡ് പ്രതിരോധം പൂർണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. രാജ്യത്തെ കോവിഡ് രോഗികളുടെ 70 ശതമാനവും ഇന്ന് കേരളത്തിലാണ്. പല ജില്ലകളിലും വെൻറിലേറ്ററുകളും ഐസിയു ബെഡുകളും ഇല്ല എന്നുള്ള റിപ്പോർട്ടുകൾ വരികയാണ്. ഇത് മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ പോലും നിപയുമായി ബന്ധപ്പെട്ട് മൂന്ന് വെൻറിലേറ്റർ മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മുമ്പ് നിപ വന്നപ്പോൾ സർക്കാർ പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തിൽ ഒതുങ്ങി. കോവിഡ് കണ്ടെത്താൻ ആന്റിജൻ ടെസ്റ്റ് എടുക്കരുതെന്നും ആർടിപിസിആർ വേണമെന്നും ഞങ്ങൾ മുമ്പേ പറഞ്ഞതാണെന്നും ഞങ്ങൾ പറഞ്ഞതിന് പിന്നാലെ യോഗം ചേർന്ന് ആറ് ജില്ലകളിൽ ആർടിപിസിആർ നടത്താൻ തീരുമാനിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.

Exit mobile version