നിപ വ്യാപനം തീവ്രമായേക്കില്ല; കേന്ദ്രസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് സർക്കാരിന്

കോഴിക്കോട്: കോഴിക്കോട് ഒരു നിപ കേസ് സ്ഥിരീകരിച്ചെങ്കിലും നിപ വ്യാപനം തീവ്രമാകാൻ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയ പ്രാഥമിക റിപ്പോർട്ടിലാണ് കേന്ദ്ര സംഘം ഇക്കാര്യം വ്യക്തമാക്കുന്നത്.

നിപ സ്ഥിരീകരിച്ച ഉടനെ കേരളത്തിലെത്തിയ കേന്ദ്രസംഘം നിലവിലെ സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള വിലയിരുത്തലുകൾ നടക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ നിപ വ്യാപനത്തിന് സാധ്യതയില്ല. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധരെ കേരളത്തിലേക്ക് അയക്കും.

പൂണെ വൈറോളജിയിൽ നിന്നുള്ള സംഘവും സംസ്ഥാനത്ത് എത്തുന്നുണ്ട്. പ്രാദേശികമായി വവ്വാലുകളെ പിടികൂടി പഠനം നടത്തണമെന്നാണ് കേന്ദ്ര സംഘം റിപ്പോർട്ടിൽ നിർദേശിക്കുന്നത്.

അതേസമയം, നിപ ബാധിച്ച് വിദ്യാർത്ഥി മരിച്ച പാഴൂർ മുന്നൂർ പ്രദേശം ഡോ. പി. രവീന്ദ്രൻറെ നേതൃത്വത്തിൽ കേന്ദ്ര വിദഗ്ധ സംഘം കഴിഞ്ഞ ദിവസം സന്ദർശിച്ചു. കേന്ദ്രസംഘവും ആരോഗ്യവകുപ്പ് അധികൃതരും റമ്പുട്ടാൻ മരത്തിൽ നടത്തിയ പരിശോധനയിൽ പല പഴങ്ങളും പക്ഷികൾ കൊത്തിയ നിലയിലാണ്.

12കാരന് രോഗം പകർന്നത് റമ്പുട്ടാൻ പഴത്തിൽ നിന്നാണെന്ന് കേന്ദ്ര സംഘവും സംശയിക്കുന്നുണ്ട്. മുഹമ്മദ് ഹാഷിമിെൻറ പിതാവ് അബൂബക്കറിൻറെ ഉടമസ്ഥതയിൽ പുൽപറമ്പ് ചക്കാലൻകുന്നിനു സമീപത്തെ പറമ്പിൽ റമ്പുട്ടാൻ മരമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ അബൂബക്കർ ഇതിലെ പഴങ്ങൾ പറിച്ച് വീട്ടിൽ കൊണ്ടുവന്നിരുന്നു. രോഗം ബാധിച്ച് മരിച്ച ഹാഷിം ഇത് കഴിച്ചിരുന്നുവെന്നാണ് വിവരം. വീട്ടിലുള്ളവർക്കു പുറമെ പരിസര വീട്ടിലുള്ള കുട്ടികളും ഇത് കഴിച്ചിരുന്നു. ഇവരെല്ലാവരും നിലവിൽ ഐസൊലേഷനിലാണ്.

Exit mobile version