സമീപ പ്രദേശത്ത് നിപ; മലപ്പുറത്തും അതീവ ജാഗ്രത; പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് കണ്ടാൽ അറിയിക്കണം

മലപ്പുറം: കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തിൽ മലപ്പുറവും അതിജാഗ്രത തുടരണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. ഏതുസാഹചര്യവും നേരിടാൻ ആരോഗ്യ വിഭാഗം സജ്ജമാണ്. നിപ വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രോഗലക്ഷണമുള്ളവർ ജില്ല കൺട്രോൾ റൂമിലോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെടണം. നിപയെ പ്രതിരോധിച്ച മുൻ അനുഭവമുള്ളതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

രോഗം റിപ്പോർട്ട് ചെയ്ത മാവൂർ മലപ്പുറം ജില്ലയിൽനിന്ന് അതിവിദൂരമല്ലാത്ത സ്ഥലമല്ലാത്തതിനാലും 2018ൽ നിപ മരണം മലപ്പുറം ജില്ലയിലുമുണ്ടായതിനാലും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.

കോഴിക്കോട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലുള്ളവർ ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കണം. കോവിഡ് വ്യാപനവും ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ എല്ലാവരും മുൻകരുതൽ സ്വീകരിക്കണം. നിപ രോഗത്തിന്റെ മരണനിരക്ക് താരതമ്യേന കൂടുതലാണെന്നത് പൊതുജനങ്ങൾ തിരിച്ചറിയണം.

മഞ്ചേരി മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം നിപ രോഗലക്ഷണമുള്ളവർക്കായി പ്രത്യേക ഐസൊലേഷൻ വാർഡുകളും ചികിത്സ സൗകര്യങ്ങളുമൊരുക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

കൺട്രോൾ റൂം നമ്പറുകൾ:


-0483 2737 857
-0483 2733 251
-0483 2733 252
-0483 2733 253

നിപ സാന്നിധ്യം സമീപ ജില്ലയിൽ സ്ഥിരീകരിച്ചതോടെ ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ സക്കീനയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യ വിദഗ്ധർ, മഞ്ചേരി മെഡിക്കൽ കോളജ് അധികൃതർ, സ്വകാര്യ ആശുപത്രി അധികൃതർ, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ആർആർടി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

രോഗലക്ഷണമുള്ളവർ ആശുപത്രികളിലോ ലാബുകളിലോ എത്തിയാൽ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ചും രോഗ പകർച്ച തടയുന്നതിനുള്ള നടപടികൾ സംബന്ധിച്ചും ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകും.

ജില്ലയിൽ ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടാൽ മുഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിക്കണം. ആരോഗ്യ ജാഗ്രത കർശനമായി പാലിക്കാൻ ജില്ല മെഡിക്കൽ ഓഫിസർ നിർദേശിച്ചു.

പാലിക്കേണ്ട മുൻകരുതലുകൾ:

അത്യാവശ്യത്തിന് മാത്രമെ വീടിനു പുറത്തിറങ്ങാകൂ. പൊതുസമ്പർക്കം പരമാവധി ഒഴിവാക്കണം. പുറത്തിറങ്ങുന്നവർ സാമൂഹിക അകലം കൃത്യമായി പാലിക്കണം. മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്തണം. രോഗികളെ സന്ദർശിക്കുന്നതും നിസ്സാര കാര്യങ്ങൾക്കുള്ള ആശുപത്രി സന്ദർശനവും ഒഴിവാക്കണം. വവ്വാലുകളോ മറ്റു ജീവികളോ കടിച്ച പഴങ്ങൾ, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവ കഴിക്കാതിരിക്കുക.

Exit mobile version