വര്‍ക്ക് ഷോപ്പില്‍ കിടന്ന ലോറിയ്ക്ക് പാലിയേക്കരയില്‍ ടോള്‍

ആമ്പല്ലൂര്‍: വര്‍ക്ക് ഷോപ്പില്‍ കിടന്ന ലോറിയ്ക്ക് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ ഈടാക്കിയതായി പരാതി. പട്ടിക്കാട് സ്വദേശി സിബി എം ബേബിയുടെ അക്കൗണ്ടില്‍ നിന്നാണ് ടോള്‍ കമ്പനി അനധികൃതമായി തുക ഈടാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് സിബി പുതുക്കാട് പോലീസില്‍ പരാതി നല്‍കി. പാലിയേക്കരയിലെ വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന ലോറി പുലര്‍ച്ചെ പ്ലാസയിലൂടെ കടന്നുപോയെന്ന് ആരോപിച്ചാണ് തുക ഈടാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ 25നാണ് സംഭവം. പുലര്‍ച്ചെ 3.31നാണ് വാഹനത്തിന്റെ ഫാസ്ടാഗില്‍ നിന്നും ആദ്യം തുക പിടിച്ചത്. പിന്നീട് ഈ വാഹനം രാവിലെ 7.31ന് കടന്നുപോയപ്പാള്‍ ഇരുഭാഗത്തേക്കുമുള്ള തുകയും ഈടാക്കി. രാത്രി ലോഡുമായി തിരിച്ചെത്തിയപ്പോള്‍ മിനിമം ബാലന്‍സില്ല എന്നുപറഞ്ഞ് വാഹനം തടഞ്ഞിടുകയും ലോറി ഡ്രൈവറുടെ ലൈസന്‍സ് തടഞ്ഞുവെച്ചുവെന്നും പരാതിയില്‍ പറയുന്നു.

പരാതിയെ തുടര്‍ന്ന് നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിനും ടോള്‍ അധികൃതര്‍ക്കും ലോറി ടോള്‍ പ്ലാസ കടന്നിട്ടില്ലെന്ന് വ്യക്തമായി. പിന്നീട് പണം തിരിച്ചുതരാമെന്ന് പറഞ്ഞെങ്കിലും ട്രിപ്പ് മുടങ്ങിയതോടെ വന്ന നഷ്ടം നികത്തണമെന്നാണ് സിബിയുടെ ആവശ്യം.

ലോറി ഡ്രൈവറുടെ ലൈസന്‍സ് തടഞ്ഞുവച്ച ടോള്‍ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Exit mobile version