നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം: മുന്നറിയിപ്പ് അവഗണിച്ച് വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയത് ദുരന്തത്തിലേക്ക്

പാലക്കാട്: നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം.
എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം.

പുത്തന്‍കുരിശില്‍ നിന്നും തമ്മനത്തുനിന്നുമായി മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയില്‍ പോയി തിരിച്ചുവരുന്നതിനിടെ വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു.

അപകടമുന്നറിയിപ്പ് അവഗണിച്ചാണ് ഇയാള്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയത്. ജയ് മോന്‍ വണ്ടിയില്‍ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

ഒരു മണിക്കൂറോളം പോലീസും അഗ്‌നിശമന വിഭാഗവും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version