വിവാഹത്തിന് പണമില്ല; ഒരു ലക്ഷം രൂപയും വിവാഹസാരിയും സമ്മാനിച്ച് സുരേഷ് ഗോപി, നന്ദിയോടെ അശ്വതി അശോക്

ഏറ്റുമാനൂര്‍: വിവാഹത്തിന് പണമില്ലാതെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയില്‍ നിന്ന യുവതിക്ക് സഹായ ഹസ്തവുമായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രസന്നിധിയിലെത്തി വിവാഹസാരിയും ഒരുലക്ഷംരൂപയും അശ്വതി അശോകിന് സമ്മാനിച്ചു.

ഇടുക്കിയിലെ ദേവികുളം ഹൈസ്‌കൂളിനു സമീപം വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തതിനാല്‍, പി.ഡബ്ല്യു.ഡി. ഉപേക്ഷിച്ച ഷെഡ്ഡില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന അശ്വതി അശോകിനാണ് സുരേഷ് ഗോപിയുടെ സഹായ ഹസ്തം. അശ്വതിയുടെ പിതാവ് അശോകന്‍ 21 വര്‍ഷം മുന്‍പാണ് മരിച്ചത്.

അമ്മ സരസ്വതി റിസോര്‍ട്ടില്‍ തൂപ്പ് ജോലിചെയ്താണ് ജീവിതം മുന്നോട്ടുനീങ്ങിയത്. രണ്ടുവര്‍ഷമായി ഇവര്‍ക്ക് ജോലിയുമില്ല. കൊവിഡ് പ്രതിസന്ധിയിലാണ് കുടുംബം ദുരിതം അനുഭവിച്ചത്. വരുന്ന സെപ്റ്റംബര്‍ ഒന്‍പതിന് ആശ്വതിയുടെ വിവാഹം നിശ്ചയിച്ചു. എന്നാല്‍ വിവാഹം നടത്താന്‍ സഹായം വാഗ്ദാനം ചെയ്തവര്‍ പിന്‍മാറിയതുമൂലം വിവാഹം നടക്കില്ല എന്ന അവസ്ഥയിലായി.

പ്രതിസന്ധി മനസ്സിലാക്കിയ ദേവികുളം പോലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ സിന്ധു പുരുഷോത്തമനും എസ്.ഐ.അശോകനും മുഖേനയാണ് സുരേഷ് ഗോപിയെ വിവരം ബോധിപ്പിച്ചത്. സുരേഷ്ഗോപി ബിജെപി ഇടുക്കി ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മനസ്സിലാക്കി, അശ്വതിയോട് ഏറ്റുമാനൂരിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

അടൂരില്‍നിന്നു എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് സുരേഷ് ഗോപി ഏറ്റുമാനൂരിലെത്തിയത്. ശേഷം, തുകയും സാരിയും സമ്മാനിക്കുകയായിരുന്നു.

Exit mobile version