സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍ തുടരും: കൂടുതല്‍ നിയന്ത്രണങ്ങളില്ല, പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗണ്‍ പുന:സ്ഥാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളായി സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗണ്‍ ഒഴിവാക്കിയിരുന്നു.

സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണത്തിനുമാണ് ലോക്ഡൗണ്‍ ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ലോക്ഡൗണ്‍ പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

അതേസമയം, സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമെടുത്തത്.

കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ തന്നെ പ്രവര്‍ത്തിക്കാം. ഡബ്ല്യുഐപിആര്‍ മാനദണ്ഡത്തിലും മാറ്റമില്ല. അടുത്ത ഞായറാഴ്ച മുതല്‍ എല്ലാ ഞായറാഴ്ചകളിലും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആയിരിക്കും. നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്ന പൊതു തീരുമാനമാണ് അവലോകന യോഗത്തില്‍ കൈക്കൊണ്ടിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ 18 ശതമാനത്തിന് മുകളിലെത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതും കേരളത്തിലാണ്.

Exit mobile version