കൊല്ലത്ത് കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി; ചോദ്യം ചെയ്ത കുടുംബത്തിന് നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

കൊല്ലം: കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്ത കാർയാത്രികരായ കുടുംബത്തിന് നേരെ ആക്രമണം. കൊല്ലം തേവരക്കര പാലയ്ക്കലിലാണ് കാർ യാത്രക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

ആലപ്പുഴ വെള്ളിക്കുന്നം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഈ സംഭവത്തിൽ ഒരാളെ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കല പാലയ്ക്കൽ ആശാരിയത്ത് അഖിൽ ആണ് പോലീസിന്റെ പിടിയിലായത്.

കാമ്പശ്ശേരിമുക്ക് ഷാഫിർ, ഭാര്യ നസീമ, മാതാവ് റൈഹാനത്ത്, സഹോദരി റജിലത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ബന്ധുവിന്റെ വീട്ടിലേക്ക് വരുന്നതിനിടെ രണ്ടംഗ സംഘം ബൈക്കിലെത്തി കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമായി.

വൈകാതെ തന്നെ തങ്ങളെ ഭീഷണിപ്പെടുത്തുന്ന വിവരം ഷാഫിർ പോലീസിൽ അറിയിച്ചു. ഈ സമയം മടങ്ങിപ്പോയ സംഘം കൂടുതൽ പേരുമായി എത്തി കുടുംബത്തെ ആക്രമിക്കുകയായിരുന്നു. കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version